ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നു; അപകടം മദീനാ സന്ദര്‍ശനത്തിനായുള്ള യാത്രയ്ക്കിടെ
അപടത്തില്‍ മരിച്ചവര്‍
മദീന: സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശികള്‍ മരിച്ച അപകടമുണ്ടായത് മദീന സന്ദര്‍ശനത്തിനായുള്ള യാത്രയ്ക്കിടെ. മദീനയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേരാണു മരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശിയും തിരൂര്‍ക്കാട് തോണിക്കരയില്‍ താമസക്കാരനുമായ നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍(52), മാതാവ് മൈമൂനത്ത്(75), ഭാര്യ തസ്ന(40), മകന് ആദില്‍(14) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ജിദ്ദയില്‍നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജി.എം.സി കാറും പുല്ല് കയറ്റി വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മദീനയില്‍നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നാലുപേരും മരണപ്പെടുകയായിരുന്നു.
അപകടസമയത്ത് കാറിലുണ്ടായിരുന്ന ജലീലിന്റെ മൂന്ന് പെണ്മക്കള്(ആയിഷ, നൂറ, ഫാത്തിമ) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതില്‍ ഒരാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതായും മറ്റു രണ്ടുപേര്‍ക്ക് സാരമായ പരിക്കുകളില്ലെന്നുമാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇവരെ മദീനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടവിവരമറിഞ്ഞ് ജലീലിന്റെ നാട്ടിലുള്ള മക്കളും സഹോദരിമാരും ഉള്‍പ്പെടെ ഏഴുപേര്‍ മദീനയിലേക്ക് തിരിച്ചിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ മദീനയില്‍ തന്നെ ഖബറടക്കാനാണ് തീരുമാനം.
25 വര്‍ഷത്തോളമായി സൗദിയില്‍ ബിസിനസ് നടത്തിവരികയായിരുന്ന ജലീല്‍, ജിദ്ദയിലെ സാമൂഹിക-സാംസ്കാരിക വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു. ഒന്നര മാസം മുമ്പാണ് ജലീലിന്റെ മാതാവ് സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയത്. കുടുംബസമേതം ഉംറ നിര്‍വഹിച്ച ശേഷം മദീനയിലേക്ക് പോകുമ്പോഴാണ് വിധിയുടെ രൂപത്തില്‍ അപകടം എത്തിയത്.