06/03/2026
[fontresizer_tawhidurrahmandear_widget]

‘സൗദിയുടെ മണ്ണോ ആകാശമോ ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ല’; ഇറാൻ പ്രസിഡന്റിനെ വിളിച്ച് മുഹമ്മദ് ബിൻ സൽമാൻ

 ‘സൗദിയുടെ മണ്ണോ ആകാശമോ ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ല’; ഇറാൻ പ്രസിഡന്റിനെ വിളിച്ച് മുഹമ്മദ് ബിൻ സൽമാൻ

മസൂദ് പെസെഷ്കിയാന്‍, ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ നേരിട്ട് വിളിച്ചാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം ഉറപ്പ് നൽകിയത്. മേഖലയിൽ യുദ്ധഭീതി നിലനിൽക്കെയാണ് സൗദിയുടെ സുപ്രധാന പ്രഖ്യാപനം വരുന്നത്.

ചൊവ്വാഴ്ച രാത്രി ടെലഫോൺ സംഭാഷണത്തിൽ, ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നതായും കിരീടാവകാശി വ്യക്തമാക്കി. ആക്രമണം ആരുടെ ഭാഗത്തുനിന്നുള്ളതായാലും, അത് ഏത് ദിശയിൽ നിന്നായാലും, അതിനായി സൗദിയുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് സൗദിക്കുള്ളത്. ഇതിനായുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യം പിന്തുണ നൽകുമെന്നും മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.

സൗദി അറേബ്യയുടെ ഉറച്ച നിലപാടിനെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അഭിനന്ദിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ആണവ ചർച്ചകളിലെ പുരോഗതിയെക്കുറിച്ചും അദ്ദേഹം കിരീടാവകാശിയെ ധരിപ്പിച്ചു. അറബ് രാഷ്ട്രങ്ങൾക്കിടയിലുള്ള ഐക്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ഇസ്‌ലാമിക രാജ്യങ്ങൾ സഹോദരങ്ങളെപ്പോലെയാണെന്നും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മേഖലയിൽ വികസനം കൊണ്ടുവരാനാകുമെന്നും അഭിപ്രായപ്പെട്ടു.

ഇറാനെ സിറിയയോ ലിബിയയോ പോലെയാക്കാനാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നതെന്ന് പെസെഷ്‌കിയാൻ കുറ്റപ്പെടുത്തി. സാമ്പത്തിക ഉപരോധങ്ങളിലൂടെയും സംഘർഷങ്ങളുണ്ടാക്കിയും ഇറാനെ തകർക്കാമെന്ന് അവർ കരുതുന്നു. എന്നാൽ, ഇറാൻ ജനതയുടെ കരുത്ത് അവർക്ക് അറിയില്ല. വിദേശശക്തികളുടെ എല്ലാ ഗൂഢാലോചനകളെയും ജനം പരാജയപ്പെടുത്തി. സമാധാനത്തിനും യുദ്ധം ഒഴിവാക്കുന്നതിനും ഇറാൻ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: