26/01/2026

കൊടുംശൈത്യത്തില്‍ ഗസ്സയിലും യമനിലും സമാശ്വാസവുമായി യമനിലും; ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

 കൊടുംശൈത്യത്തില്‍ ഗസ്സയിലും യമനിലും സമാശ്വാസവുമായി യമനിലും; ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

ലണ്ടന്‍: യുദ്ധക്കെടുതിയും കനത്ത ശൈത്യവും മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെയും യമനിലെയും ജനതയ്ക്ക് സഹായഹസ്തവുമായി സൗദി അറേബ്യയുടെ മാനുഷിക സഹായ ഏജന്‍സിയായ കെ.എസ്. റിലീഫ് (കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍). ഗസ്സയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളും യമനിലെ കുടുംബങ്ങള്‍ക്ക് ശൈത്യകാല വസ്ത്രങ്ങളുമാണ് ഏജന്‍സി വിതരണം ചെയ്തത്.

മേഖലയില്‍ അതിശൈത്യവും കനത്ത മഴയും തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര സഹായം എത്തിച്ചിരിക്കുന്നത്. യമനിലെ ഹദ്രമൗട്ട് താഴ്വരയില്‍ മാത്രം രണ്ടായിരത്തിലധികം ശൈത്യകാല കിറ്റുകള്‍ വിതരണം ചെയ്തു. ഗസ്സയില്‍ കൂടാരങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് ആശ്വാസമായി ഭക്ഷണപ്പൊതികളും ഏജന്‍സി ലഭ്യമാക്കി.

2023ല്‍ ഗസ്സയില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ വിപുലമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സൗദി അറേബ്യ നടത്തിവരുന്നത്. ഇതുവരെ 7,700 ടണ്ണിലധികം ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമായി 78 വിമാനങ്ങളും എട്ട് കപ്പലുകളും ഗാസയിലെത്തിച്ചു. കൂടാതെ, 900ലധികം ട്രക്കുകള്‍ വഴിയും സഹായമെത്തിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ തകര്‍ച്ച പരിഗണിച്ചു പലസ്തീന്‍ റെഡ് ക്രസന്റിന് 20 ആംബുലന്‍സുകളും ഏജന്‍സി കൈമാറി.

ഗസ്സയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 90 മില്യണ്‍ ഡോളറിന്റെ വിവിധ കരാറുകളില്‍ കെ.എസ്. റിലീഫ് ഒപ്പുവെച്ചു. ജോര്‍ദാന്‍ സായുധ സേനയുമായി സഹകരിച്ച് ആകാശമാര്‍ഗ്ഗവും സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സഹായ വിതരണം ഊര്‍ജ്ജിതമായി തുടരുമെന്ന് ഏജന്‍സി അറിയിച്ചു.

Also read: