‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’- മൊഴിയിൽ ഉറച്ച് ഷിംജിത; ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയിൽ ഉറച്ച് പ്രതി ഷിംജിത മുസ്തഫ. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഷിംജിതയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി അയക്കും. മരിച്ച ദീപകിന്റെ വീഡിയോ പകർത്തിയത് ഈ ഫോണിലാണ്. ഫോണിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ സ്ഥിരീകരണം നടത്തുന്നതിനാണ് ഫോറൻസിക് പരിശോധന നടത്തുന്നത്.
അറസ്റ്റിലായ ഷിംജിതയെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇവർ നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ടെങ്കിലും, അറസ്റ്റ് നടന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കാനാണ് സാധ്യത. ഇതിനു പകരം കുന്നമംഗലം കോടതിയിൽ പുതിയ ജാമ്യഹരജി നൽകാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് വടകരയിൽ നിന്ന് ഷിംജിതയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആരോപണം വ്യാജമാണെന്നും ഇതിൽ മകൻ ഏറെ വിഷമിച്ചിരുന്നതായും മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ തനിക്ക് നേരിട്ട അതിക്രമത്തിൽ മാറ്റമില്ലെന്നാണ് ഷിംജിതയുടെ നിലപാട്. അതേസമയം, ബസ് ജീവനക്കാർ പൊലീസിന് നൽകിയ മൊഴിയിൽ സംഭവദിവസം ആരും പരാതിപ്പെട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.