26/01/2026

‘കിടപ്പറയില്‍ മറ്റൊരു സ്ത്രീ; പലാഷ് മുച്ചലിനെ കയ്യോടെ പൊക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍’-സ്മൃതിയുടെ വിവാഹം മുടങ്ങിയതിന് പിന്നില്‍ വന്‍ ട്വിസ്റ്റ്!

 ‘കിടപ്പറയില്‍ മറ്റൊരു സ്ത്രീ; പലാഷ് മുച്ചലിനെ കയ്യോടെ പൊക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍’-സ്മൃതിയുടെ വിവാഹം മുടങ്ങിയതിന് പിന്നില്‍ വന്‍ ട്വിസ്റ്റ്!

പലാഷ് മുച്ചലും സ്മൃതി മന്ദാനയും

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങള്‍ ഉയരുന്നു. സ്മൃതിയുടെ ബാല്യകാല സുഹൃത്തും നടനും നിര്‍മാതാവുമായ വിജ്ഞാന്‍ മാനെയാണ് പലാഷിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ആഘോഷങ്ങള്‍ക്കിടെ പലാഷ് മുച്ചലിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടിയതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നാണ് വിജ്ഞാന്‍ മാനെയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 23-നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടക്കുന്നതിനിടെ പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടുകയായിരുന്നുവെന്ന് വിജ്ഞാന്‍ മാനെ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്മൃതിയുടെ സഹതാരങ്ങളാണ് പിടികൂടിയതെന്നാണു വെളിപ്പെടുത്തല്‍.

‘അതൊരു ഭയാനകമായ രംഗമായിരുന്നു. അവിടെയുണ്ടായിരുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പലാഷിനെ മര്‍ദിക്കുന്ന സാഹചര്യം വരെ ഉണ്ടായി. സ്മൃതിയുടെ കുടുംബം പലാഷിനെ അത്രയേറെ വിശ്വസിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എല്ലാവരെയും ചതിച്ചു,’ മാനെ ആരോപിച്ചു. വിവാഹം കഴിഞ്ഞ് പലാഷ് സാംഗ്ലിയില്‍ സെറ്റില്‍ ചെയ്യുമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യപരമായ അടിയന്തിര സാഹചര്യങ്ങള്‍ കാരണമാണ് വിവാഹം മാറ്റിവെക്കുന്നതെന്നായിരുന്നു ആദ്യം ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാല്‍, യഥാര്‍ത്ഥ കാരണം പലാഷിന്റെ അവിഹിത ബന്ധമാണെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്.

വഞ്ചനാ കുറ്റത്തിന് പുറമെ പലാഷ് മുച്ചലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും വിജ്ഞാന്‍ മാനെ ഉന്നയിച്ചിട്ടുണ്ട്. ഒരു സിനിമാ പ്രോജക്റ്റുമായി ബന്ധപ്പെട്ട് പലാഷ് തന്നില്‍നിന്ന് 40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ മാനെ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സിനിമയുടെ ബജറ്റ് കൂടിയെന്ന് പറഞ്ഞ് പലാഷിന്റെ അമ്മ തന്നെ ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെട്ടെന്നും, വിവാഹം മുടങ്ങിയതിന് ശേഷം തന്നെ എല്ലാ പ്ലാറ്റ്ഫോമുകളില്‍നിന്നും ബ്ലോക്ക് ചെയ്‌തെന്നും മാനെ പറയുന്നു. തന്റെ കൈവശം ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, വിജ്ഞാന്‍ മാനെയുടെ ആരോപണങ്ങള്‍ പലാഷ് മുച്ചല്‍ പൂര്‍ണമായും നിഷേധിച്ചു. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ളത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും, തന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. ആരോപണങ്ങള്‍ക്കെതിരെ അഭിഭാഷകന്‍ വഴി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹം റദ്ദാക്കിയ വിവരം സ്മൃതി മന്ദാനയും പലാഷും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ‘വിവാഹം വേണ്ടെന്നുവെച്ചു’ എന്ന് വ്യക്തമാക്കിയ സ്മൃതി, തന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, പുതിയ വെളിപ്പെടുത്തലുകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also read: