ബെംഗളൂരു വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച എയർപോട്ട് ജീവനക്കാരൻ പിടിയിലായി. എയർ ഇന്ത്യ എസ്എടിഎസിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗമായ മുഹമ്മദ് അഫാൻ അഹമ്മദാണ് (25) അറസ്റ്റിലായത്. സുരക്ഷാ പരിശോധനയുടെ മറവിലായിരുന്നു അതിക്രമം.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ രണ്ടാം നമ്പർ ടെർമിനലിൽ വെച്ചാണ് സംഭവം നടന്നത്. നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബോർഡിംഗ് പാസ് പരിശോധിച്ച പ്രതി, അവരുടെ ലഗേജിൽ പ്രശ്‌നമുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ബാഗിൽ നിന്ന് ബീപ്പ് ശബ്ദം കേൾക്കുന്നുണ്ടെന്നും അതിനാൽ ‘മാനുവൽ പരിശോധന’ വേണമെന്നും ആവശ്യപ്പെട്ട് ഇയാൾ യുവതിയെ പുരുഷന്മാരുടെ ടോയ്‌ലറ്റിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
പരിശോധനയുടെ പേരിൽ ശരീരത്തിൽ പലതവണ അനാവശ്യമായി സ്പർശിക്കുകയും ബലമായി കെട്ടിപ്പിടിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. സിഐഎസ്എഫ് പരിശോധനയും ഇമിഗ്രേഷനും കഴിഞ്ഞതിന് ശേഷമാണ് പ്രതി യുവതിയെ സമീപിച്ചത്. സുരക്ഷാ പരിശോധന നടത്താൻ നിയമപരമായി അധികാരമില്ലാതിരുന്നിട്ടും ഇയാൾ യുവതിയെ കബളിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതി വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റം സ്ഥിരീകരിച്ച പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 75 പ്രകാരം കേസെടുത്ത പ്രതിയെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് അയച്ചു.