ജിദ്ദയിൽ ഇനി ‘സ്പാനിഷ് പൂരം’; റയലും ബാഴ്‌സയും സൗദിയിൽ, സൂപ്പർ കപ്പിന് ഇന്ന് കിക്കോഫ്
ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ആവേശത്തിലേക്ക് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുകയാണ്. ലാ ലിഗയിലെയും കോപ്പ ഡെൽ റേയിലെയും കരുത്തർ നേർക്കുനേർ വരുന്ന ടൂർണമെന്റിനായി റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകൾ സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തിക്കഴിഞ്ഞു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ താരങ്ങളെ പരമ്പരാഗത അറബിക് കാപ്പിയും സംഗീതവും നൽകിയാണ് അധികൃതർ സ്വീകരിച്ചത്.
സെമിഫൈനൽ പോരാട്ടങ്ങൾ
ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റിയിലെ അലിൻമ ബാങ്ക് സ്‌റ്റേഡിയമാണ് പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ ബാഴ്‌സലോണ അത്‌ലറ്റിക് ക്ലബ്ബിനെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ റയൽ മാഡ്രിഡ് തങ്ങളുടെ നഗര വൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡുമായി ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളും പ്രാദേശിക സമയം രാത്രി 10 മണിക്ക് (ജിഎസ്ടി 7:00 PM) ആരംഭിക്കും. ഈ മാസം 11-നാണ് കലാശപ്പോരാട്ടം.
പുതുക്കിയ ഫോർമാറ്റും ടീമുകളും
ലാ ലിഗയിലെ ആദ്യ രണ്ട് സ്ഥാനക്കാരും കോപ്പ ഡെൽ റേ ഫൈനലിസ്റ്റുകളുമാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നിവർ കഴിഞ്ഞ സീസണിലെ പ്രകടനത്തിലൂടെ യോഗ്യത നേടിയപ്പോൾ, അത്‌ലറ്റിക്കോ മാഡ്രിഡ്, അത്‌ലറ്റിക് ക്ലബ്ബ് എന്നിവർ റാങ്കിംഗ് അടിസ്ഥാനത്തിൽ ടൂർണമെന്റിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു. നേരത്തെ ലാലിഗ ചാമ്പ്യന്മാരും കോപ്പ ഡെൽ റേ വിജയികളും മാത്രം ഏറ്റുമുട്ടിയിരുന്ന സ്ഥാനത്ത്, 2019 മുതലാണ് നാല് ടീമുകൾ പങ്കെടുക്കുന്ന ‘നോക്കൗട്ട്’ ഫോർമാറ്റിലേക്ക് ടൂർണമെന്റ് മാറ്റിയത്.
എന്തുകൊണ്ട് സൗദി അറേബ്യ?
സ്പാനിഷ് ഫുട്‌ബോളിനെ ആഗോളതലത്തിൽ കൂടുതൽ ജനകീയമാക്കുന്നതിനും ഫുട്‌ബോൾ ഫെഡറേഷന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമാണ് ടൂർണമെന്റ് സൗദിയിലേക്ക് മാറ്റിയത്. 2019ൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനും സൗദി അറേബ്യൻ സർക്കാരും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരമാണ് മത്സരങ്ങൾ അവിടെ നടക്കുന്നത്. തുടക്കത്തിൽ മൂന്ന് വർഷത്തേക്കായിരുന്നു കരാറെങ്കിലും പിന്നീട് അത് 2029 വരെ നീട്ടുകയായിരുന്നു. സാമ്പത്തികമായി വലിയ നേട്ടമാണ് ഇതിലൂടെ സ്പാനിഷ് ഫുട്‌ബോളിന് ലഭിക്കുന്നത്. ഏകദേശം 23 മില്യൺ യൂറോയാണ് (19.9 മില്യൺ പൗണ്ട്) ഈ ടൂർണമെന്റിലൂടെ ലഭിക്കുന്ന ആകെ സമ്മാനത്തുക. കൂടാതെ, മിഡിൽ ഈസ്റ്റിലെ വലിയ ഫുട്‌ബോൾ ആരാധകവൃന്ദത്തെ ലക്ഷ്യമിട്ടുള്ള വാണിജ്യപരമായ നീക്കം കൂടിയാണിത്.
നിലവിൽ ലാ ലിഗയിൽ ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഫൈനലിൽ റയലിനെ 5-2 ന് തോൽപ്പിച്ച ബാഴ്‌സലോണ തന്നെയാണ് ഇത്തവണയും കിരീടം നിലനിർത്താൻ സാധ്യത കൽപ്പിക്കപ്പെടുന്ന പ്രമുഖർ. അതേസമയം ഹെഡ് കോച്ച് സാബി അലോൺസോയുടെ കീഴിൽ വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാമും അടങ്ങുന്ന റയൽ നിര കിരീടം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ്.