ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്ത് അല്ല! ഫറോവമാരെ വെല്ലുവിളിച്ച ‘കുഷ്’ രാജാക്കന്മാരുടെ ചരിത്രം
ഖാർത്തൂം: പിരമിഡുകൾ എന്ന് കേൾക്കുമ്പോൾ ഗിസയിലെ മണലാരണ്യവും ഈജിപ്ഷ്യൻ ഫറോവമാരുമാണ് നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. എന്നാൽ വർഷങ്ങളായി തുടരുന്ന ഈ ധാരണ തെറ്റാണെന്ന് പറഞ്ഞാലോ? ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്തല്ല, മറിച്ച് അവരുടെ തെക്കൻ അയൽരാജ്യമായ സുഡാൻ ആണ്.
എണ്ണത്തിൽ ഈജിപ്തിനെ ബഹുദൂരം പിന്നിലാക്കിയാണ് സുഡാൻ പിരമിഡുകളുടെ തലസ്ഥാനമായി മാറിയിരിക്കുന്നത്. ഈജിപ്തിൽ ആകെ 138 പിരമിഡുകൾ കണ്ടെത്തിയിട്ടുള്ളപ്പോൾ, സുഡാനിലെ മണൽക്കൂനകൾക്കിടയിൽ തലയുയർത്തി നിൽക്കുന്നത് 200 മുതൽ 255 വരെ പിരമിഡുകളാണ്.
ആരാണ് ഈ പിരമിഡുകൾ നിർമിച്ചത്?
ബി.സി 1070 നും എ.ഡി 350 നും ഇടയിൽ നൈൽ നദീതീരം ഭരിച്ചിരുന്ന പുരാതന ‘കുഷ്’ (Kush) സാമ്രാജ്യമാണ് ഈ നിർമിതികൾക്ക് പിന്നിൽ. സുഡാനിലെ പുരാതന നഗരമായ ‘മെറോ’യിൽ (Meroe) മാത്രം ഇരുന്നൂറോളം പിരമിഡുകളുണ്ട്. ഈജിപ്ഷ്യൻ ഫറോവമാരുടെ ശവകുടീരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുഷൈറ്റ് ഭരണാധികാരികൾ പിരമിഡ് നിർമാണം ആരംഭിച്ചത്. ‘കറുത്ത ഫറോവമാർ’ എന്നറിയപ്പെടുന്ന കുഷ് രാജാക്കന്മാർ ഈജിപ്ത് പിടിച്ചടക്കിയ ചരിത്രം പോലുമുണ്ട്. പിയേ (Piye) എന്ന രാജാവാണ് സുഡാനിലെ ആദ്യ പിരമിഡ് പണിതത്.
ഈജിപ്തിലെ പിരമിഡുകളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും നിർമാണ ശൈലിയിലെ പ്രത്യേകത കൊണ്ട് ഇവ വേറിട്ടുനിൽക്കുന്നു. കുത്തനെയുള്ള ചരിവുകളും, അടിഭാഗത്തെ വിസ്തൃതി കുറവുമാണ് ഇവയുടെ പ്രധാന സവിശേഷത.
എന്തുകൊണ്ട് ഇവ ലോകശ്രദ്ധ നേടിയില്ല?
ഇത്രയധികം ചരിത്ര പ്രാധാന്യമുണ്ടായിട്ടും സുഡാനിലെ പിരമിഡുകൾ വിനോദസഞ്ചാര ഭൂപടത്തിൽ നിന്ന് പുറത്തായിരുന്നു. 1830-കളിൽ ഗ്യൂസെപ്പെ ഫെർലിനി (Giuseppe Ferlini) എന്ന ഇറ്റാലിയൻ നിധിവേട്ടക്കാരൻ സ്വർണം തേടി പല പിരമിഡുകളുടെയും മുകൾഭാഗം തകർത്തത് ചരിത്രത്തിലെ വലിയൊരു ദുരന്തമാണ്. ഇതോടൊപ്പം, സുഡാനിലെ തുടർച്ചയായ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുദ്ധങ്ങളും സഞ്ചാരികളെ ഇവിടേക്ക് എത്തുന്നതിൽനിന്ന് തടയുന്നു.
എങ്കിലും, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുരാവസ്തു ഗവേഷകർ ഇന്ന് ഈ പിരമിഡുകൾക്കുള്ളിലെ രഹസ്യങ്ങൾ ഓരോന്നായി പുറത്തുകൊണ്ടുവരികയാണ്. വലിപ്പത്തിൽ ഈജിപ്തിലെ പിരമിഡുകൾ മുന്നിലാണെങ്കിലും, ലോകത്തെ ഏറ്റവും വലിയ അടിത്തറയുള്ള ഒറ്റ പിരമിഡ് സ്ഥിതി ചെയ്യുന്നത് മെക്സിക്കോയിലെ ചോളൂലയിലാണ് (Great Pyramid of Cholula). എന്നാൽ, എണ്ണത്തിന്റെ കാര്യത്തിൽ സുഡാൻ തന്നെയാണ് രാജാവ്.