27/01/2026

യുഎഇ പ്രവാസികള്‍ ജാഗ്രതൈ: നിയമം ലംഘിച്ചാൽ 20 ലക്ഷം പിഴയും തടവും; ജൈവസുരക്ഷാ നിയമങ്ങളിൽ വൻ മാറ്റങ്ങള്‍

 യുഎഇ പ്രവാസികള്‍ ജാഗ്രതൈ: നിയമം ലംഘിച്ചാൽ 20 ലക്ഷം പിഴയും തടവും; ജൈവസുരക്ഷാ നിയമങ്ങളിൽ വൻ മാറ്റങ്ങള്‍

അബുദാബി: രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ജൈവസുരക്ഷ ഉറപ്പാക്കുന്നതിനുമായി നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി യുഎഇ. 22 വർഷമായി നിലവിലുണ്ടായിരുന്ന നിയമങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അനധികൃത വ്യാപാരം തടയുക, വിദേശത്തുനിന്നും മാരകമായ കീടങ്ങളും ജന്തുരോഗങ്ങളും രാജ്യത്തേക്ക് എത്തുന്നത് ഒഴിവാക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

നിയമലംഘകർക്ക് കനത്ത പിഴയും ശിക്ഷയുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ അനധികൃതമായി കടത്തുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്താൽ 30,000 ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ (ഏകദേശം 4.5 കോടി രൂപ വരെ) പിഴ ചുമത്തും.

പിഴയ്ക്ക് പുറമെ നാല് വർഷം വരെ തടവുശിക്ഷയും ലഭിച്ചേക്കാം. വിദേശികളായ കുറ്റവാളികൾ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ അവരെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരും.

45 വർഷമായി രാജ്യത്ത് തുടരുന്ന വെറ്ററിനറി ക്വാറന്റൈൻ നിയമങ്ങൾ പരിഷ്‌കരിച്ചു. ഇനിമുതൽ അംഗീകൃത അതിർത്തികൾ വഴി മാത്രമേ മൃഗങ്ങളെയും സസ്യങ്ങളെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കൂ. രോഗം ബാധിച്ച ജീവികളെ കണ്ടെത്തിയാൽ അവയെ പിടിച്ചെടുക്കാനും നശിപ്പിക്കാനും അധികൃതർക്ക് പൂർണ അധികാരമുണ്ടാകും.

കാർഷിക മേഖലയ്ക്കും പുതിയ നിയമം പ്രാധാന്യം നൽകുന്നുണ്ട്. പുതിയ ഇനം സസ്യങ്ങൾ വികസിപ്പിക്കുന്നവർക്കായി പ്രത്യേക രജിസ്റ്റർ ഏർപ്പെടുത്തും. മരങ്ങൾക്കും വള്ളികൾക്കും 25 വർഷം വരെയും, മറ്റ് സസ്യയിനങ്ങൾക്ക് 20 വർഷം വരെയും നിയമപരമായ സംരക്ഷണം ലഭിക്കും. ഫ്രീ സോണുകൾ ഉൾപ്പെടെ യുഎഇയിലെ എല്ലാ മേഖലകൾക്കും പുതിയ നിയമം ബാധകമായിരിക്കും.

രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള കാർഷിക-പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കുന്നതിനും നിയമപരിഷ്കാരം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Also read: