യുഎൻ സാമ്പത്തിക തകർച്ചയിലേക്ക്: അമേരിക്ക നൽകാനുള്ളത് കോടികൾ; ലോകരാജ്യങ്ങൾക്ക് കത്തയച്ച് ഗുട്ടെറസ്
വാഷിങ്ടൺ: ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്നു. സാമ്പത്തിക നിയമങ്ങൾ പരിഷ്കരിക്കുകയോ അംഗരാജ്യങ്ങൾ കുടിശ്ശിക ഉടൻ അടച്ചുതീർക്കുകയോ ചെയ്തില്ലെങ്കിൽ ലോക സംഘടനയുടെ പ്രവർത്തനം സ്തംഭിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. എല്ലാ അംഗരാജ്യങ്ങൾക്കും അയച്ച കത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.
ജൂലൈ മാസത്തോടെ യുഎന്നിന്റെ പതിവ് പ്രവർത്തന ബജറ്റിലെ പണം തീർന്നുപോയേക്കാം. ഇതോടെ സഭയുടെ പ്രവർത്തനങ്ങൾ നാടകീയമായി പ്രതിസന്ധിയിലാകും. ഒന്നുകിൽ 193 അംഗരാജ്യങ്ങൾ കൃത്യസമയത്ത് വിഹിതം നൽകണം, അല്ലെങ്കിൽ സാമ്പത്തിക നിയമങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തണം. നിലവിലെ നിയമപ്രകാരം, ലഭിക്കാത്ത പണം പോലും അംഗരാജ്യങ്ങൾക്ക് തിരികെ നൽകേണ്ടി വരുന്ന സാഹചര്യം യുഎന്നിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.
വാർത്താക്കുറിപ്പിൽ ഗുട്ടെറസ് രാജ്യങ്ങളുടെ പേര് എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, ഏറ്റവും വലിയ ദാതാക്കളായ അമേരിക്ക കുടിശ്ശിക വരുത്തുന്നതാണ് പ്രധാന പ്രതിസന്ധി. 2.196 ബില്യൺ ഡോളറാണ് അമേരിക്ക യുഎന്നിന് നൽകാനുള്ളത്. ഇതിനുപുറമെ, സമാധാന പരിപാലന പ്രവർത്തനങ്ങൾക്കായി 1.8 ബില്യൺ ഡോളറും അമേരിക്ക നൽകാനുണ്ട്. ഡൊണാൾഡ് ട്രംപ് ഭരണകൂടം ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്ന് പിന്മാറിയതും ധനസഹായം തടഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി.
കടബാധ്യതയിൽ വെനസ്വേലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 38 മില്യൺ ഡോളറാണ് ഇവരുടെ കുടിശ്ശിക. കടബാധ്യത കാരണം വെനസ്വേലയ്ക്ക് പൊതുസഭയിൽ വോട്ടവകാശവും നഷ്ടപ്പെട്ടിട്ടുണ്ട്. 2024നെ അപേക്ഷിച്ച് കുടിശ്ശിക ഇരട്ടിയായി വർധിച്ച് 1.568 ബില്യൺ ഡോളറിലെത്തിയാണ് 2025 അവസാനിച്ചത്.
ലിക്വിഡിറ്റി കരുതൽ ശേഖരം ഏതാണ്ട് തീർന്ന അവസ്ഥയിലാണെന്നും, ഈ വർഷത്തെ 3.45 ബില്യൺ ഡോളറിന്റെ ബജറ്റ് നടപ്പിലാക്കാൻ ഈ സാഹചര്യം അനുവദിക്കില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി. പിരിച്ചെടുക്കാത്ത ഫണ്ടുകൾ ഉപയോഗിച്ച് ബജറ്റ് നടപ്പിലാക്കാനാവില്ലെന്നും വിഷയത്തിന്റെ ഗൗരവം അംഗരാജ്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ വിഷയത്തിൽ യുഎന്നിലെ അമേരിക്കൻ ദൗത്യസംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല.