27/01/2026

‘രക്ഷിക്കണേ; രണ്ട് മക്കളുണ്ടെന്ന് ഇക്ക വിളിച്ച് പറഞ്ഞു; അവര്‍ ഗേറ്റ് തുറന്നില്ല’-വിളപ്പില്‍ശാല ആശുപത്രി വരാന്തയില്‍ യുവാവിന്റെ ദാരുണാന്ത്യം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 ‘രക്ഷിക്കണേ; രണ്ട് മക്കളുണ്ടെന്ന് ഇക്ക വിളിച്ച് പറഞ്ഞു; അവര്‍ ഗേറ്റ് തുറന്നില്ല’-വിളപ്പില്‍ശാല ആശുപത്രി വരാന്തയില്‍ യുവാവിന്റെ ദാരുണാന്ത്യം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ശ്വാസം മുട്ടലുമായി എത്തിയ കൊല്ലംകൊണം സ്വദേശി ബിസ്മീര്‍ (37) ആശുപത്രി വരാന്തയില്‍ അവശനായി കിടക്കുന്നതും ഭാര്യ സഹായത്തിനായി കേഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജനുവരി 19-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് ബിസ്മീറിനെ ഭാര്യ ജാസ്മിന്‍ വിളപ്പില്‍ശാല ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ ആശുപത്രി ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തെരുവുനായ ശല്യം കാരണമാണ് ഗേറ്റ് പൂട്ടിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ബിസ്മീര്‍ ശ്വാസം കിട്ടാതെ ‘രക്ഷിക്കണേ, എനിക്ക് രണ്ട് മക്കളുണ്ട്’ എന്ന് വിളിച്ചു കരഞ്ഞിട്ടും ജീവനക്കാര്‍ ഗേറ്റ് തുറന്നുതന്നില്ലെന്ന് ഭാര്യ ജാസ്മിന്‍ ആരോപിക്കുന്നു.

ഗേറ്റ് തുറന്ന് അകത്ത് പ്രവേശിച്ച ശേഷവും ബിസ്മീറിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. ‘ഡോക്ടറും നഴ്‌സും നോക്കി നിന്നതല്ലാതെ സിപിആര്‍ നല്‍കാനോ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്താനോ തയ്യാറായില്ല. ഓക്‌സിജന്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വൈമനസ്യം കാണിച്ചു. ആംബുലന്‍സില്‍ കയറ്റുന്നതിന് മുന്‍പ് തന്നെ ഭര്‍ത്താവിന്റെ ബോധം പോയിരുന്നു,’ ജാസ്മിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും 20 മിനിറ്റ് മുന്‍പ് തന്നെ മരണം സംഭവിച്ചതായി അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

അതേസമയം, ചികിത്സാ പിഴവ് എന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. രോഗിക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കിയെന്നും വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വാദം.

സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ബിസ്മീറിന്റെ കുടുംബം മെഡിക്കല്‍ ഓഫീസര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. രണ്ട് ചെറിയ കുട്ടികളുള്ള കുടുംബത്തിന്റെ അത്താണിയായിരുന്ന ബിസ്മീറിന്റെ വിയോഗം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Also read: