ജലയുദ്ധം വരുന്നു? ജലക്ഷാമം മൂലം ജനജീവിതം സ്തംഭിക്കും, സൂക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമെന്ന് ഐക്യരാഷ്ട്രസഭ
ന്യൂയോർക്ക്: പല ലോകരാജ്യങ്ങളും യുദ്ധത്തിലേക്കുള്ള തിരിച്ചുപോക്കിലാണ്. എന്നാൽ ഇനിയുള്ള യുദ്ധം ജലത്തിന് വേണ്ടിയാണെന്ന മുന്നറിയിപ്പാണ് പുതിയ പഠനം പറയുന്നത്. ഭൂമിയിലെ ജലസ്രോതസ്സുകൾ അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം ജല പാപ്പരത്തത്തിത്തിലേക്ക് കടന്നതായും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ സർവകലാശാല (UN Universtiy) ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിലാണ് മുൻപൊരിക്കലും ഇല്ലാത്തവിധം ലോകം നേരിടുന്ന ജലപ്രതിസന്ധിയെക്കുറിച്ച് ഗൗരവമായ കണ്ടെത്തലുകളുള്ളത്.
ജലക്ഷാമം മൂലം ജനജീവിതം സ്തംഭിക്കുന്ന ആദ്യത്തെ ആധുനിക നഗരമായി അഫ്ഗാനിസ്ഥാനിലെ കാബൂൾ മാറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെക്‌സിക്കോ സിറ്റിയിൽ ഭൂഗർഭജലം അമിതമായി പമ്പ് ചെയ്യുന്നതിനാൽ നഗരം പ്രതിവർഷം 20 ഇഞ്ച് എന്ന തോതിൽ താഴേക്ക് ഇരിക്കുകയാണ്. അമേരിക്കയിലെ കൊളറാഡോ നദിയിലെ ജലത്തിന്റെ പങ്കിടലിനെച്ചൊല്ലിയുള്ള തർക്കങ്ങളും റിപ്പോർട്ട് പരാമർശിക്കുന്നു.
നിലവിലെ സാഹചര്യത്തെ ‘പ്രതിസന്ധി’ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് റിപ്പോർട്ട് തയ്യാറാക്കിയ കാവെ മദനി പറഞ്ഞു. ‘പ്രതിസന്ധി താത്കാലികമാണ്, എന്നാൽ ഇതൊരു പുതിയ യാഥാർത്ഥ്യമാണ്. ബാങ്ക് അക്കൗണ്ടിലുള്ള പണത്തേക്കാൾ കൂടുതൽ ചെലവാക്കി പാപ്പരാകുന്നതുപോലെ, പ്രകൃതി മഴയായും മഞ്ഞായും നൽകുന്നതിനേക്കാൾ കൂടുതൽ ജലം നാം ചൂഷണം ചെയ്യുന്നു,’ അദ്ദേഹം വ്യക്തമാക്കി. 1990ന് ശേഷം ലോകത്തിലെ വലിയ തടാകങ്ങളിൽ പകുതിയിലധികം ജലം നഷ്ടപ്പെട്ടു. ഹിമാനികൾ 30 ശതമാനത്തോളം ചുരുങ്ങിയതായും റിപ്പോർട്ട് പറയുന്നു.
പ്രത്യാഘാതങ്ങൾ
ലോകത്തെ 400 കോടി ആളുകൾ വർഷത്തിൽ ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമം അനുഭവിക്കുന്നു.
ദക്ഷിണേഷ്യയിൽ ഭൂഗർഭജലത്തെ ആശ്രയിച്ചുള്ള കൃഷി ജലലഭ്യത സ്ഥിരമായി കുറയ്ക്കുന്നു.
1970 മുതൽ യൂറോപ്യൻ യൂണിയന്റെ വലിപ്പമുള്ള തണ്ണീർത്തടങ്ങൾ ഭൂമിയിൽ നിന്ന് ഇല്ലാതായി.
മാറ്റങ്ങൾ അനിവാര്യം
ഹ്രസ്വകാല പരിഹാരങ്ങൾക്കു പകരം ദീർഘകാല തന്ത്രങ്ങൾ വേണമെന്ന് യുഎൻ നിർദ്ദേശിക്കുന്നു. കൃഷിരീതിയിലെ മാറ്റം, മലിനീകരണം കുറയ്ക്കൽ, തണ്ണീർത്തടങ്ങളുടെ സംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. ജലത്തോടുള്ള മനുഷ്യന്റെ മോശം പെരുമാറ്റം തുടർന്നാൽ വരും തലമുറയ്ക്ക് കുടിനീർ പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.