04/06/2026
[fontresizer_tawhidurrahmandear_widget]

വേസ്റ്റ് ബിന്നിലേക്കല്ല; വിശക്കുന്ന വയറ്റിലേക്ക്- അറിയണം മറിയം അൽ ഫലാസിയെ

 വേസ്റ്റ് ബിന്നിലേക്കല്ല; വിശക്കുന്ന വയറ്റിലേക്ക്- അറിയണം മറിയം അൽ ഫലാസിയെ

ദുബൈ: യുഎഇ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ഭക്ഷ്യമാലിന്യത്തിന് പ്രായോഗിക പരിഹാരവുമായി എമിറാത്തി വിദഗ്ദ്ധ മറിയം അൽ ഫലാസി. ചില്ലറ വ്യാപാരികളിൽ നിന്ന് മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന മറിയത്തിന്റെ സംവിധാനം വലിയ വിജയമായിരിക്കുകയാണ്.

ഞെട്ടിക്കുന്ന കണക്കുകൾ

പ്രതിവർഷം ഏകദേശം 13 ബില്യൺ ദിർഹമാണ് ഭക്ഷ്യമാലിന്യം മൂലം യുഎഇക്ക് നഷ്ടമാകുന്നത്. കണക്കുകൾ പ്രകാരം രാജ്യത്ത് തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ 38 ശതമാനവും ദിവസവും ഉപേക്ഷിക്കപ്പെടുന്നു. റമദാൻ മാസങ്ങളിൽ ഇത് 60 ശതമാനം വരെയായി ഉയരാറുണ്ട്.

തടസങ്ങളെ നീക്കി മറിയം

ഭക്ഷണം ദാനം ചെയ്യാൻ പല വ്യാപാരികൾക്കും സന്നദ്ധതയുണ്ടായിരുന്നെങ്കിലും, വ്യക്തമായ മാർഗനിർദേശങ്ങൾ ഇല്ലാത്തത് വലിയ തടസമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ മറിയം ലളിതവും വ്യക്തവുമായ ഒരു പ്രവർത്തന ചട്ടക്കൂട് വികസിപ്പിച്ചു. ഇതോടെ നിയമക്കുരുക്കുകളില്ലാതെ ഭക്ഷണം കൈമാറാൻ വ്യാപാരികൾക്ക് സാധിച്ചു.

‘നെമ’യ്ക്ക് കരുത്തായി

2030-ഓടെ രാജ്യത്തെ ഭക്ഷ്യമാലിന്യം 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ നടപ്പിലാക്കുന്ന ‘നെമ’ (Ne’ma) എന്ന ദേശീയ സംരംഭത്തിന് മറിയത്തിന്റെ പ്രവർത്തനങ്ങൾ വലിയ ഊർജമാണ് നൽകുന്നത്. 90 ശതമാനം ഭക്ഷണവും ഇറക്കുമതി ചെയ്യുന്ന യുഎഇയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇത്തരം നീക്കങ്ങൾ അനിവാര്യമാണ്.

നാഷണൽ എക്‌സ്‌പെർട്ട് പ്രോഗ്രാം (NEP) പ്രതിനിധി കൂടിയായ മറിയം, ജോർജ്ജ്ടൗൺ സർവകലാശാലയിൽ നിന്നും ഹയർ കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്നുമാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. “ഇന്ന് നമ്മൾ ലാഭിക്കുന്നത് നാളെ ഒരാളുടെ വിശപ്പടക്കും,” എന്ന് ഓർമ്മിപ്പിക്കുന്ന മറിയം, ജനങ്ങളുടെ ശീലങ്ങളിൽ മാറ്റം വരുത്തി വലിയൊരു സാമൂഹിക മുന്നേറ്റത്തിനാണ് നേതൃത്വം നൽകുന്നത്.

Also read: