31/03/2026
[fontresizer_tawhidurrahmandear_widget]

‘ഞെട്ടിക്കുന്ന’ കണ്ടെന്റില്ല; 10 മണിക്കൂര്‍ തീ കത്തിച്ച് യൂട്യൂബര്‍ വാരിയത് 10 കോടി രൂപ!

 ‘ഞെട്ടിക്കുന്ന’ കണ്ടെന്റില്ല; 10 മണിക്കൂര്‍ തീ കത്തിച്ച് യൂട്യൂബര്‍ വാരിയത് 10 കോടി രൂപ!

നല്ലൊരു ക്യാമറ, മികച്ച എഡിറ്റിങ്, കിടിലന്‍ കണ്ടെന്റ്, രസകരമായ അവതരണം… ഒരു യൂട്യൂബ് വീഡിയോ ഹിറ്റാക്കാന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നടത്തുന്ന നെട്ടോട്ടങ്ങള്‍ ചില്ലറയല്ല. എന്നാല്‍, ഇവയൊന്നുമില്ലാതെ, ഒരൊറ്റ ഫ്രെയിമില്‍ 10 മണിക്കൂര്‍ നീണ്ട ഒരു വീഡിയോയിലൂടെ കോടീശ്വരനായ ഒരാളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം, പക്ഷേ സംഭവം സത്യമാണ്. വിറകുകള്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു ‘ഫയര്‍പ്ലെയ്സി’ന്റെ ദൃശ്യം മാത്രം കാണിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനല്‍ ഇതുവരെ സമ്പാദിച്ചത് ഏകദേശം പത്തു കോടിയിലേറെ രൂപയാണ്!

എന്താണ് ആ അത്ഭുത വീഡിയോയിലുള്ളത്?

‘ഫയര്‍പ്ലെയ്സ് ഫോര്‍ 10 ഹവേഴ്സ്’ (Fireplace for 10 hours) എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയില്‍ പ്രത്യേകിച്ചൊന്നുമില്ല. വീടുകളിലെ അടുപ്പില്‍ വിറകുകള്‍ കത്തുന്ന ദൃശ്യം മാത്രം. പശ്ചാത്തല സംഗീതമോ, സംഭാഷണങ്ങളോ ഇല്ല. പകരം, തീ കത്തുമ്പോഴുണ്ടാകുന്ന നാച്ചുറല്‍ ശബ്ദം മാത്രം കേള്‍ക്കാം. ഒന്‍പത് വര്‍ഷം മുന്‍പാണ് ഈ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടത്. അന്നുമുതല്‍ ഇങ്ങോട്ട് ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

2016 ഒക്ടോബര്‍ രണ്ടിന് പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം ഏകദേശം 15 കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ആ ഒരൊറ്റ വിഡിയോ കൊണ്ട് 1.20 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെയും ചാനല്‍ സ്വന്തമാക്കിയിട്ടുണ്ടെന്നതാണ് അതിശയകരം. ഇതിനുശേഷം മറ്റൊരു വിഡിയോയും അക്കൗണ്ടില്‍ ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല.

വരുമാനം 10 കോടി കടന്നു

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ഒരൊറ്റ വീഡിയോയില്‍ നിന്ന് മാത്രം പരസ്യവരുമാനമായി ചാനല്‍ ഉടമയ്ക്ക് ലഭിച്ചത് 1.2 മില്യണ്‍ ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 10 കോടി 82 ലക്ഷം രൂപ വരുമത്. വലിയ അധ്വാനമോ മുതല്‍മുടക്കോ ഇല്ലാതെ, ആളുകളുടെ മനശാസ്ത്രം മനസ്സിലാക്കി ചെയ്ത ഒരു വീഡിയോ ഇത്രയധികം സാമ്പത്തിക നേട്ടമുണ്ടാക്കിയത് ഡിജിറ്റല്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

വിജയത്തിന് പിന്നിലെ രഹസ്യം

ആളുകള്‍ എന്തിനാണ് വെറുതെ തീ കത്തുന്നത് കണ്ടിരിക്കുന്നത് എന്ന് അത്ഭുതം തോന്നിയേക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ തണുപ്പുകാലത്ത് വീടുകള്‍ക്ക് ഉള്ളില്‍ ഫയര്‍പ്ലെയ്സുകള്‍ നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ പലരും ടിവി സ്‌ക്രീനില്‍ ഈ വീഡിയോ പ്ലേ ചെയ്ത് വെക്കുന്നു. പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഏകാഗ്രത ലഭിക്കാനും, രാത്രിയില്‍ സുഖമായി ഉറങ്ങാനും പലരും ഇതിന്റെ സഹായം തേടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിലെ തീയുടെ ശബ്ദം മനസ്സിന് ശാന്തി നല്‍കുന്ന ‘എ.എസ്.എം.ആര്‍’ ആയും പ്രവര്‍ത്തിക്കുന്നുണ്ടത്രെ. സങ്കീര്‍ണമായ കണ്ടന്റുകള്‍ക്കിടയിലും സിംപിള്‍ ഉള്ളടക്കങ്ങള്‍ക്ക് എപ്പോഴും വലിയ വിപണിയുണ്ടെന്ന് ഈ ഒരൊറ്റ വിഡിയോ തെളിയിക്കുന്നു.

Also read: