എന്തുകൊണ്ട് മൂന്ന് ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ? മംദാനി ഓര്‍മിപ്പിക്കുന്ന ആ നൂറ്റാണ്ടുകളുടെ ആഫ്രിക്കന്‍-ഇസ്‍ലാം ചരിത്രം ഇതാണ്
ആർതുറോ ഷോംബർഗിന്റെ ശേഖരത്തിൽ നിന്നുള്ള ഖുര്‍ആന്‍ പ്രതി, മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി സൊഹ്റാന്‍ മംദാനി അധികാരമേറ്റപ്പോള്‍, ആ ചടങ്ങ് വ്യക്തിപരമായ വിശ്വാസത്തിന്റെയും ചരിത്രപരമായ ഉള്‍ക്കൊള്ളലിന്റെയും അപൂര്‍വ വേദി കൂടിയായി മാറി. രണ്ട് വ്യത്യസ്ത ചടങ്ങുകളിലായി ആഫ്രിക്കന്‍-ഇസ്‍ലാം ചരിത്രം ഓര്‍മിപ്പിക്കുന്ന മൂന്ന് വിശുദ്ധ ഖുര്‍ആന്‍ പതിപ്പുകളാണ് സൊഹ്റാന്‍ സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുത്തത്.
സബ്‍വേയിലെ ചരിത്ര നിമിഷം
വ്യാഴാഴ്ച പഴയ സബ്‍വേ സ്റ്റേഷനില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ രണ്ട് ഖുര്‍ആന്‍ പതിപ്പുകളില്‍ ഒരേസമയം കൈവെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഒന്ന്, അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന കുടുംബ വകയായ ഖുര്‍ആന്‍. മറ്റൊന്ന്, ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ ‘ഷോംബര്‍ഗ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ബ്ലാക്ക് കള്‍ച്ചറി’ല്‍(Schomburg Center) നിന്നുള്ള ചരിത്രപ്രസിദ്ധമായ പതിപ്പ്.

ചരിത്രം പേറുന്ന ‘പോക്കറ്റ് സൈസ്’ ഖുര്‍ആന്‍
ലൈബ്രറിയില്‍നിന്ന് വായ്പയെടുത്ത ഈ ഖുര്‍ആന്‍ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ തയാറാക്കിയതെന്നു കരുതപ്പെടുന്ന ഒരു ‘പോക്കറ്റ് സൈസ്’ പതിപ്പാണ്. വലിപ്പത്തില്‍ ചെറുതാണെങ്കിലും ചരിത്രപരമായ പ്രാധാന്യത്തില്‍ ഇത് ഏറെ വലുതാണ്. ന്യൂയോര്‍ക്കിലെ മുസ്‌ലിം സമൂഹത്തിന്റെ വൈവിധ്യത്തെയും വ്യാപ്തിയെയും ഇത് അടയാളപ്പെടുത്തുന്നുവെന്ന് ലൈബ്രറിയിലെ മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസ് ക്യൂറേറ്ററായ ഹിബ ആബിദ് പറയുന്നു. ‘ഇതൊരു ചെറിയ ഖുര്‍ആനാണ്, എന്നാല്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ വിശ്വാസത്തെയും സ്വത്വത്തെയും ഇത് ഒന്നിപ്പിക്കുന്നു,’ അവര്‍ വ്യക്തമാക്കി.
ആഫ്രോ-അമേരിക്കന്‍ ചരിത്രകാരനായ ആര്‍തുറോ ഷോംബര്‍ഗിന്റെ അമൂല്യശേഖരത്തില്‍നിന്നുള്ളതാണ് ഈ ഗ്രന്ഥം. 1870കളില്‍ പ്യൂര്‍ട്ടോ റിക്കോയില്‍ ജര്‍മന്‍-ആഫ്രോ കരീബിയന്‍ വംശജനായി ജനിച്ച ഷോംബര്‍ഗ്, പിന്നീട് ന്യൂയോര്‍ക്കിലേക്ക് കുടിയേറുകയായിരുന്നു. 1920കളിലും 30കളിലും ന്യൂയോര്‍ക്കിലെ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ നടന്ന സാംസ്‌കാരിക-ബുദ്ധിജീവി മുന്നേറ്റമായ ‘ഹാര്‍ലെം നവോത്ഥാന’ത്തിലെ പ്രധാന കണ്ണിയായിരുന്നു അദ്ദേഹം. ആഫ്രിക്കന്‍ വംശജരുടെ ആഗോള സംഭാവനകള്‍ രേഖപ്പെടുത്തുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു.

അമേരിക്കയിലെയും ആഫ്രിക്കയിലെയും കറുത്ത വര്‍ഗക്കാരുടെ സംസ്‌കാരവും ഇസ്‌ലാമും തമ്മിലുള്ള ചരിത്രപരമായ ബന്ധം പഠിക്കുന്നതില്‍ ഷോംബര്‍ഗിന് വലിയ താല്പര്യമുണ്ടായിരുന്നു. കറുത്ത വര്‍ഗക്കാരുടെ ചരിത്രവും ഇസ്‌ലാമിക പാരമ്പര്യവും തമ്മിലുള്ള ബന്ധം പഠിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഖുര്‍ആന്‍ പ്രതി സൂക്ഷിച്ചിരുന്നത്. കടും ചുവപ്പ് ചട്ടയും സ്വര്‍ണ പുഷ്പാലങ്കാരങ്ങളുമുള്ള(Gilt-stamped floral medallion) ഈ ഗ്രന്ഥം സാധാരണക്കാരുടെ നിത്യപാരായണത്തിന് ഉപയോഗിച്ചിരുന്നതാണെന്നത് ഇതിന്റെ മാറ്റുകൂട്ടുന്നു. 1926ല്‍ ഷോംബര്‍ഗ് ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിക്ക് കൈമാറിയ 4,000 പുസ്തകങ്ങളുടെ കൂട്ടത്തില്‍ അപൂര്‍വതകള്‍ നിറഞ്ഞ ആ ഖുര്‍ആന്‍ പ്രതിയും ഉള്‍പ്പെടും.
സിറ്റി ഹാളിലെ ചടങ്ങ്: മുത്തശ്ശിയുടെയും മുത്തച്ഛന്റെയും ഓര്‍മകള്‍
ജനുവരി 1-ന് സിറ്റി ഹാളില്‍ നടക്കുന്ന പകല്‍ ചടങ്ങില്‍ കുടുംബ പൈതൃകത്തിനാണ് സൊഹ്റാന്‍ പ്രാധാന്യം നല്‍കുന്നത്. ഈ ചടങ്ങില്‍ തന്റെ മുത്തച്ഛനും മുത്തശ്ശിയും ഉപയോഗിച്ച ഖുര്‍ആനുകളില്‍ തൊട്ടാകും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുക. ഈ കുടുംബ പൈതൃക സ്വത്തുക്കളെക്കുറിച്ചുള്ള(Heirlooms) കൂടുതല്‍ വിവരങ്ങള്‍ കാമ്പെയ്ന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, തന്റെ വേരുകളോടും കുടുംബത്തോടുമുള്ള സൊഹ്റാന്റെ അടുപ്പമാണ് ഇത് സൂചിപ്പിക്കുന്നത്.
ഒരു വശത്ത് സ്വന്തം കുടുംബത്തിന്റെ പാരമ്പര്യം, മറുവശത്ത് ആഫ്രിക്കന്‍-അമേരിക്കന്‍ ചരിത്രവും ഇസ്‌ലാമിക സംസ്‌കാരവും തമ്മിലുള്ള ബന്ധം. ഈ രണ്ട് ധാരകളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് നടന്നുകയറുന്നത്.