‘അത് മുഴുവന്‍ ന്യൂയോര്‍ക്കുകാര്‍ക്കും അവകാശപ്പെട്ട ഖുര്‍ആന്‍; ഈ നഗരത്തിന്റെ പുതിയ അധ്യായം’; സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ഖുര്‍ആന്‍ പ്രതിയെക്കുറിച്ച് മംദാനി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച ചരിത്രപ്രസിദ്ധമായ 18-ാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയുടെ ബ്രയന്റ് പാര്‍ക്കിലെ പ്രധാന ശാഖയിലാണ് വിശുദ്ധ ഗ്രന്ഥം പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
‘ജനങ്ങളുടെ ഖുര്‍ആന്‍'(The People’s Quran) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഗ്രന്ഥം ‘ഇനി നമ്മുടെ നഗരത്തിന്റെ പുതിയ അധ്യായത്തിന്റെ ഭാഗമായി എല്ലാ ന്യൂയോര്‍ക്കുകാര്‍ക്കും അവകാശപ്പെട്ടതാണ്’ എന്ന് മംദാനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഓട്ടോമന്‍ സിറിയയില്‍ പകര്‍ത്തിയെഴുതപ്പെട്ടതാണ് ഈ കൈയെഴുത്തുപ്രതി. രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും വേണ്ടി സ്വര്‍ണാലങ്കാരങ്ങളോടെ നിര്‍മിക്കപ്പെട്ട ആഡംബര പതിപ്പുകളില്‍നിന്ന് വ്യത്യസ്തമായി, സാധാരണക്കാര്‍ക്കു വേണ്ടി ലളിതമായ രീതിയില്‍ തയാറാക്കിയതാണ് ഇതിന്റെ പ്രത്യേകത.
കറുത്ത മഷിയിലാണ് എഴുത്ത്. ടെക്സ്റ്റിന്റെ ഭാഗങ്ങള്‍ വേര്‍തിരിക്കാന്‍ ചുവന്ന മഷിയും ഉപയോഗിച്ചിരിക്കുന്നു. ഈ ലാളിത്യമാണ് ഇതിനെ ‘ജനങ്ങളുടെ ഖുര്‍ആന്‍’ എന്നു വിളിക്കാന്‍ കാരണം.
സൊഹ്‌റാന്റെ ഭാര്യയും സിറിയന്‍-അമേരിക്കന്‍ വംശജയുമായ റാമ ദുവജിയാണ് സത്യപ്രതിജ്ഞയ്ക്കായി ഈ ഗ്രന്ഥം തിരഞ്ഞെടുത്തത്. ആഫ്രിക്കന്‍ വംശജരുടെ ആഗോള സംഭാവനകള്‍ രേഖപ്പെടുത്തിയ ആര്‍തുറോ ഷോംബര്‍ഗിന്റെ പേരിലുള്ള ‘ഷോംബര്‍ഗ് സെന്ററി’ല്‍നിന്നാണ് ഇത് വായ്പയായി എടുത്തത്.
മൂന്ന് ഖുര്‍ആനുകള്‍ ജനുവരി 1-ന് അര്‍ധരാത്രി നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സൊഹ്‌റാന്‍ മംദാനി രണ്ട് ഖുര്‍ആനുകളിലാണ് തൊട്ട് സത്യം ചെയ്തത്. ഒന്ന് ഷോംബര്‍ഗ് സെന്ററില്‍നിന്നുള്ള ഈ 18-ാം നൂറ്റാണ്ടിലെ ഗ്രന്ഥവും, മറ്റൊന്ന് അദ്ദേഹത്തിന്റെ മുത്തച്ഛന്റെ വകയുമായിരുന്നു. പിന്നീട് സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുത്തശ്ശിയുടെ കൈവശമുണ്ടായിരുന്ന മൂന്നാമതൊരു ഖുര്‍ആനും അദ്ദേഹം ഉപയോഗിച്ചു.
ന്യൂയോര്‍ക്ക് സിറ്റി ഹാളിന് കീഴിലുള്ള പഴയ സബ്വേ സ്റ്റേഷനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രങ്ങളും ഖുര്‍ആനൊപ്പം പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയര്‍ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിമും, ആദ്യ ദക്ഷിണേഷ്യക്കാരനും, ആഫ്രിക്കയില്‍ ജനിച്ച ആദ്യ വ്യക്തിയുമാണ് സൊഹ്‌റാന്‍ മംദാനി.