ന്യൂയോർക്കിൽ പുതുയുഗപ്പുലരി: ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ് മംദാനി
ന്യൂയോർക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്‍റെ 112-ാമത് മേയറായി സൊഹ്‌റാൻ മംദാനി അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് ന്യൂയോർക്ക് മേയർ പദവിയിലേക്ക് ഒരു ദക്ഷിണേഷ്യൻ വംശജനും മുസ്‌ലിമും ആയ ഒരാൾ എത്തുന്നത്. വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ തൊട്ട് ആയിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
രണ്ട് ഘട്ടങ്ങളിലായാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ജനുവരി 1-ന് അർദ്ധരാത്രിയോടെ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ആദ്യ സത്യപ്രതിജ്ഞ. 1945-ൽ അടച്ചുപൂട്ടിയ പഴയ ‘സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനി’ൽ വെച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. നഗരത്തിലെ തൊഴിലാളിവർഗത്തോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും പൊതുഗതാഗതത്തിന് നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നതിനുമാണ് ഈ വേദി തിരഞ്ഞെടുത്തതെന്ന് സൊഹ്‌റാൻ വ്യക്തമാക്കി.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് സിറ്റി ഹാൾ പടികളിൽ വെച്ച് നടന്ന പൊതുചടങ്ങിൽ വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രശസ്ത ചലച്ചിത്ര സംവിധായിക മീര നായരുടെയും അക്കാദമിക് പണ്ഡിതനായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. 2021 മുതൽ ക്വീൻസിനെ പ്രതിനിധീകരിക്കുന്ന ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന സൊഹ്‌റാൻ, സോഷ്യലിസ്റ്റ് ആശയങ്ങളോട് ചേർന്നുനിൽക്കുന്ന ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ന്യൂയോർക്കിലെ ഭവന പ്രതിസന്ധി പരിഹരിക്കുക, പൊതുഗതാഗത സംവിധാനം സൗജന്യമാക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.