പുരാതന ഈജിപ്തിൽ തമിഴ് സാന്നിധ്യം; രാജാക്കന്മാരുടെ താഴ്‌വരയിൽ നിന്ന് 2,000 വർഷം പഴക്കമുള്ള ലിഖിതങ്ങൾ കണ്ടെത്തി
ചെന്നൈ: ഇന്ത്യയും പുരാതന പടിഞ്ഞാറൻ ലോകവും തമ്മിലുള്ള വ്യാപാര ബന്ധത്തിന് പുത്തൻ തെളിവുകളുമായി ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്‌വരയിൽ (Valley of the Kings) നിന്ന് തമിഴ്-ബ്രാഹ്മി ലിഖിതങ്ങൾ കണ്ടെത്തി. ബിസി ഒന്നാം നൂറ്റാണ്ടിലെ റോമൻ കാലഘട്ടത്തിൽ തമിഴ് വ്യാപാരികൾ ഈജിപ്ത് സന്ദർശിക്കുക മാത്രമല്ല, അവിടെ ദീർഘകാലം താമസിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തൽ.
സ്വിസ് പണ്ഡിതനായ ഇംഗോ സ്‌ട്രോച്ചും ഷാർലറ്റ് ഷ്മിഡും ചേർന്ന് നടത്തിയ പഠനത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. രാജാക്കന്മാരുടെ താഴ്‌വരയിലെ ശവകുടീരങ്ങളിൽ എട്ടിടത്തായി ‘സികായ് കൊറാൻ’ എന്ന തമിഴ് വ്യാപാരിയുടെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. ‘വന്നു കണ്ടു’ എന്ന അർത്ഥം വരുന്ന ‘വര കാന്ത’ എന്ന പ്രയോഗം ഗ്രീക്ക് ലിഖിതങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണെന്ന് പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. സികായ് കൊറാൻ എന്നതിനൊപ്പം ‘കോപൻ’, ‘കാറ്റൻ’ തുടങ്ങിയ ദക്ഷിണേന്ത്യൻ പേരുകളും ശവകുടീരങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ആകെ കണ്ടെത്തിയ 30 ലിഖിതങ്ങളിൽ 20 എണ്ണം തമിഴ് ലിപിയിലുള്ളതാണ്. ബാക്കിയുള്ളവ സംസ്‌കൃതം, പ്രാകൃതം, ഗാന്ധാരി തുടങ്ങിയ ഭാഷകളിലാണ്. റോമൻ കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും പടിഞ്ഞാറൻ ഇന്ത്യയിൽ നിന്നും വ്യാപാരികൾ ഈജിപ്ത് സന്ദർശിച്ചിരുന്നതായി പഠനം ഉറപ്പിക്കുന്നു. ഇരുവശങ്ങളിലേക്കും സജീവമായ വ്യാപാരബന്ധം നിലനിന്നിരുന്നു എന്നതിന് ലിഖിതങ്ങൾ സുപ്രധാനമായ ചരിത്രരേഖയാണെന്ന് മുതിർന്ന എപ്പിഗ്രാഫിസ്റ്റ് വൈ. സുബ്ബരായലം വ്യക്തമാക്കി.