06/03/2026
[fontresizer_tawhidurrahmandear_widget]

പിന്തുണയ്ക്ക് നന്ദി, പക്ഷേ ഇന്ത്യയ്‌ക്കെതിരെ കളിക്കണം’; അവസാന നിമിഷം പാകിസ്താന്‍ തീരുമാനം മാറ്റിയത് ബംഗ്ലാദേശിന്‍റെ ആ സന്ദേശത്തില്‍

 പിന്തുണയ്ക്ക് നന്ദി, പക്ഷേ ഇന്ത്യയ്‌ക്കെതിരെ കളിക്കണം’; അവസാന നിമിഷം പാകിസ്താന്‍ തീരുമാനം മാറ്റിയത് ബംഗ്ലാദേശിന്‍റെ ആ സന്ദേശത്തില്‍

ധാക്ക: ഈ വർഷത്തെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് പാകിസ്താനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനായി ഈ 15ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ പാകിസ്ഥാൻ പങ്കെടുക്കണമെന്നാണ് ബിസിബി പ്രസിഡന്റ് എംഡി അമിനുൾ ഇസ്‌ലാം ആവശ്യപ്പെട്ടത്.

ബംഗ്ലാദേശ് ടീമിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. എന്നാൽ, നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഐസിസിയും നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച ബിസിബി, ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങാൻ പാകിസ്താനെ പ്രേരിപ്പിക്കുകയായിരുന്നു.

‘ഈ പ്രയാസകരമായ ഘട്ടത്തിൽ ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാൻ കാട്ടിയ മാതൃകാപരമായ കായിക മനോഭാവവും ഐക്യദാർഢ്യവും ഞങ്ങളെ വളരെയധികം സ്പർശിക്കുന്നു. എന്നിരുന്നാലും, വരാനിരിക്കുന്ന ചർച്ചകളുടെ ഫലങ്ങൾ കണക്കിലെടുത്ത് ഈ 15ന് ഇന്ത്യയ്‌ക്കെതിരെ കളിക്കണമെന്ന് ഞങ്ങൾ പാകിസ്ഥാനോട് അഭ്യർത്ഥിക്കുന്നു,’ ബിസിബി പ്രസ്താവനയിൽ വ്യക്തമാക്കി. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിസിബി നിലപാട് അറിയിച്ചത്.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടി ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ നീക്കം ചെയ്തതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. ഇതിന് പിന്നാലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടത്തണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളുകയും പകരം സ്‌കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ സർക്കാർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.

മത്സരത്തിൽ നിന്ന് വിട്ടുനിന്നാൽ പിസിബിക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അംഗത്വ കരാർ (MPA) ലംഘിക്കുന്നത് പിസിബിയുടെ സസ്‌പെൻഷനിലേക്കോ വലിയ സാമ്പത്തിക നഷ്ടത്തിലേക്കോ നയിച്ചേക്കാം. ഈ സാഹചര്യത്തിൽ തർക്കം പരിഹരിക്കാനായി ഐസിസി പ്രതിനിധികളും ബിസിബി, പിസിബി മേധാവികളും ലാഹോറിൽ ചർച്ചകൾ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ തങ്ങളുടെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also read: