02/03/2026
[fontresizer_tawhidurrahmandear_widget]

‘റോയിയുടെ കാബിനിലെ സിസിടിവി പ്രവർത്തനരഹിതം; മൊഴികളിൽ വൈരുദ്ധ്യം’: അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം

 ‘റോയിയുടെ കാബിനിലെ സിസിടിവി പ്രവർത്തനരഹിതം; മൊഴികളിൽ വൈരുദ്ധ്യം’: അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ റോയിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ഓഫീസിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതും മൊഴികളിലെ വൈരുദ്ധ്യവും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. റോയിയുടെ കാബിന് സമീപത്തെ ക്യാമറകൾ പ്രവർത്തിക്കാത്തതിൽ ഉദ്യോഗസ്ഥർ ദുരൂഹത സംശയിക്കുന്നുണ്ട്.

മരണത്തിന് തൊട്ടുമുമ്പ് റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുമായി റോയ് സംസാരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം. ഇതിനിടെ, മരണസമയത്തെക്കുറിച്ച് ഗ്രൂപ്പ് ഡയറക്ടർ ടി.എ ജോസഫും സുരക്ഷാ ജീവനക്കാരനും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതായി എസ്‌ഐടി കണ്ടെത്തി. റോയ് ഓഫീസിലെത്തിയ സമയം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. തൊട്ടടുത്ത മുറിയിൽ വെടിയൊച്ച കേട്ടില്ലെന്ന ജീവനക്കാരുടെ മൊഴിയും പോലീസ് പരിശോധിക്കുന്നുണ്ട്.

റോയിയുടെ ഒൻപത് പേജുള്ള ഡയറിക്കുറിപ്പുകൾ പോലീസ് കണ്ടെടുത്തുവെങ്കിലും അത് ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. മരണം നടന്ന മുറിയിൽ നിന്നല്ല ഡയറി ലഭിച്ചത് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വിദേശ സംരംഭങ്ങളിലെ തിരിച്ചടിയെക്കുറിച്ചും നിക്ഷേപകരെ കൈവിടരുത് എന്നതിനെക്കുറിച്ചും കുറിപ്പിലുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. വരും ദിവസങ്ങളിൽ റോയിയുടെ ഭാര്യ ലിനി റോയ്, സഹോദരൻ സി.ജെ ബാബു എന്നിവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും.

Also read: