28/03/2026
[fontresizer_tawhidurrahmandear_widget]

ഇനി പ്രായം കുറയ്ക്കാം; കോശങ്ങൾക്ക് പുനർജന്മം നൽകാൻ പുതിയ കണ്ടെത്തൽ

 ഇനി പ്രായം കുറയ്ക്കാം; കോശങ്ങൾക്ക് പുനർജന്മം നൽകാൻ പുതിയ കണ്ടെത്തൽ

പഴയ കോശങ്ങൾക്ക് വീണ്ടും ചെറുപ്പം നൽകാൻ ശാസ്ത്രജ്ഞർ വഴി കണ്ടെത്തുന്നു. വാർദ്ധക്യം എന്നത് കേവലം കോശങ്ങൾക്കുണ്ടാകുന്ന തേയ്മാനമല്ലെന്നും, മറിച്ച് കോശങ്ങൾക്കുള്ളിലെ ജനിതക പ്രവർത്തനങ്ങളുടെ ഏകോപനം നഷ്ടപ്പെടുന്നതാണെന്നും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ‘നാഷണൽ അക്കാദമി ഓഫ് സയൻസസ്‘ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

കോശങ്ങളെ പുനഃക്രമീകരിക്കുന്ന വിദ്യ

കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ട്രിൻക്രിപ്ഷൻ ഫാക്ടറുകൾ എന്ന പ്രോട്ടീനുകളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. കോശങ്ങളുടെ യുവത്വം നിലനിർത്തുന്നതിൽ നാല് ഘടകങ്ങളെ (E2F3, EZH2, STAT3, ZFX) ഗവേഷകർ തിരിച്ചറിഞ്ഞു. മനുഷ്യരിലെ പഴയ ഫൈബ്രോബ്ലാസ്റ്റ് കോശങ്ങളിൽ ഈ ഘടകങ്ങൾ പുനഃസ്ഥാപിച്ചപ്പോൾ, അവ യുവകോശങ്ങളെപ്പോലെ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ തുടങ്ങിയതായി കണ്ടെത്തി.

ഈ പ്രക്രിയയിൽ കോശങ്ങളുടെ അടിസ്ഥാന സ്വഭാവം മാറുന്നില്ല എന്നത് വലിയൊരു നേട്ടമാണ്. കോശങ്ങൾ സ്‌റ്റെം സെല്ലുകളായി മാറാതെ തന്നെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇത് കാൻസർ പോലുള്ള അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ബയോകെമിസ്റ്റ് ഹാവോ ലി വ്യക്തമാക്കി. പ്രായമായ എലികളിൽ നടത്തിയ പരീക്ഷണത്തിൽ അവയുടെ കരളിന്റെ ആരോഗ്യം മെച്ചപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

ജീവന്റെ ഉത്ഭവം: പുതിയ നിഗമനങ്ങൾ

മറ്റൊരു വിപ്ലവകരമായ പഠനത്തിൽ, ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ ശാസ്ത്രലോകം തിരുത്തുകയാണ്. ജീവന്റെ നിർമ്മാണ ഘടകങ്ങളായ അമിനോ ആസിഡുകൾ നമ്മൾ കരുതിയതിനേക്കാൾ സങ്കീർണമായ രീതിയിലാണ് പരിണമിച്ചതെന്ന് അരിസോണ സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

ട്രിപ്‌റ്റോഫാൻ എന്ന അമിനോ ആസിഡ് ജനിതക കോഡിൽ ഏറ്റവും ഒടുവിൽ വന്നതാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാൽ ആധുനിക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ, നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള പുരാതന ജീവരൂപങ്ങളിൽ പോലും ഇതിന്റെ സാന്നിധ്യം ഉയർന്ന അളവിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇത് ഭൂമിക്ക് പുറത്ത്, പ്രത്യേകിച്ച് ശനിയുടെ ഉപഗ്രഹമായ എൻസെലാഡസ് പോലുള്ള ഇടങ്ങളിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.

വാർദ്ധക്യത്തെ സുരക്ഷിതമായി പ്രതിരോധിക്കാനും ആരോഗ്യകരമായ ജീവിതകാലം വർദ്ധിപ്പിക്കാനും ഈ കണ്ടെത്തലുകൾ ഭാവിയിൽ സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Also read: