02/04/2026
[fontresizer_tawhidurrahmandear_widget]

‘ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു’; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി

 ‘ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു’; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി. ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ ഐഷാ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി.

ശ്വാസതടസ്സവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ആവി പിടിച്ച ശേഷം രണ്ട് ഇഞ്ചക്ഷനുകൾ നൽകി. എന്നാൽ ഇഞ്ചക്ഷൻ എടുത്ത ഉടൻ കുട്ടിയുടെ മുഖം കോടിപ്പോയതായും ശ്വാസം കിട്ടാതെ കണ്ണുകൾ അടഞ്ഞതായും ബന്ധുക്കൾ പറയുന്നു. നില വഷളായതിനെ തുടർന്ന് കുട്ടിയെ ഉടൻ നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്ന സമയത്ത് ആശുപത്രി ജീവനക്കാർ ബന്ധുക്കളെ തടയാൻ ശ്രമിച്ചതായും പിതാവ് ആരോപിച്ചു. നിലവിൽ മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

Also read: