01/04/2026
[fontresizer_tawhidurrahmandear_widget]

‘ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു’; പരാതിയുമായി യുഎസ്

 ‘ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു’; പരാതിയുമായി യുഎസ്

വിയന്ന: ആഗോളതലത്തിൽ പുതിയ ആണവായുധ നിയന്ത്രണ കരാറിനായി ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നതിനിടെ, ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. ചൈനയും റഷ്യയും ഉൾപ്പെടുന്ന വിപുലമായ കരാർ വേണമെന്ന വാദം ശക്തമാക്കുന്നതിനിടെയാണ്, 2020ൽ ചൈന രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ച് പരീക്ഷണം നടത്തിയെന്ന് യുഎസ് വെളിപ്പെടുത്തിയത്.

വിയന്നയിൽ നടന്ന നിരായുധീകരണ സമ്മേളനത്തിലാണ് ആയുധ നിയന്ത്രണത്തിനായുള്ള സ്‌റ്റേറ്റ് അണ്ടർസെക്രട്ടറി തോമസ് ഡിനാനോ ആരോപണം ഉന്നയിച്ചത്. 2020 ജൂൺ 22ന് ചൈന സ്‌ഫോടനാത്മകമായ ആണവ പരീക്ഷണം നടത്തിയതായും ഭൂകമ്പ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാൻ ‘ഡീകൂപ്പിംഗ്’ (Decoupling) എന്ന രഹസ്യ രീതിയാണ് ചൈനീസ് സൈന്യം അവലംബിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി സംഘടന (CTBTO) ഈ ആരോപണം ഭാഗികമായി തള്ളി. തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളിൽ അത്തരമൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് സെക്രട്ടറി റോബ് ഫ്‌ലോയ്ഡ് വ്യക്തമാക്കി.

റഷ്യയും അമേരിക്കയും തമ്മിലുള്ള അവസാന ആണവായുധ നിയന്ത്രണ ഉടമ്പടിയായ ‘ന്യൂ സ്റ്റാർട്ട്’ (New START) അവസാനിച്ചതിന്റെ തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ഇതോടെ ലോകത്തെ വൻശക്തികളുടെ ആണവ ശേഖരത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഔദ്യോഗികമായി ഇല്ലാതായിരിക്കുകയാണ്. പഴയ കരാറുകൾ ഇനി പാലിക്കില്ലെന്നും ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള വെല്ലുവിളികളെ നേരിടാൻ കൂടുതൽ കരുത്തുറ്റ പുതിയ ചട്ടക്കൂട് ആവശ്യമാണെന്നും ട്രംപ് ഭരണകൂടം നിലപാടെടുത്തു.

അതേസമയം, അമേരിക്കയുടെ ആരോപണങ്ങൾ ചൈന നിഷേധിച്ചു. തങ്ങൾ ആണവ പരീക്ഷണങ്ങൾക്കായുള്ള മൊറട്ടോറിയം കൃത്യമായി പാലിക്കുന്നുണ്ടെന്നും പ്രതിരോധത്തിന് മാത്രമാണ് ആണവായുധങ്ങൾ എന്ന നയത്തിലാണ് ഉറച്ചുനിൽക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു.

Also read: