02/03/2026
[fontresizer_tawhidurrahmandear_widget]

‘റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല’-ഐടി ഉദ്യോഗസ്ഥരുടെ മൊഴി

 ‘റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല’-ഐടി ഉദ്യോഗസ്ഥരുടെ മൊഴി

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല എന്നാണ് ഐടി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.

മരണദിവസം റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നും റോയിയുമായി തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞാണ് റോയി സ്വന്തം കാബിനിലേക്ക് പോയതെന്നും, ആത്മഹത്യയിലേക്ക് നയിക്കുന്ന യാതൊരു സംഭവങ്ങളും അന്നേദിവസം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഓഫീസ് സിസിടിവി ദൃശ്യങ്ങൾ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം അവർ നിഷേധിച്ചു.

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് ഭീഷണിയുണ്ടായിരുന്നോ എന്ന കാര്യവും കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 2019 മുതൽ റോയിയുടെ സാമ്പത്തിക ഇടപാടുകൾ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ (CEIB) നിരീക്ഷണത്തിലായിരുന്നു. റോയി ഉൾപ്പെടെയുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ച് ബ്യൂറോ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് പരിശോധന നടന്നത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

നെഞ്ചിന്റെ ഇടതുഭാഗത്ത് തുളച്ചുകയറിയ വെടിയുണ്ട ശ്വാസകോശവും ഹൃദയവും തകർത്തതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 6.35 എംഎം ബുള്ളറ്റാണ് ശരീരത്തിൽ നിന്ന് കണ്ടെടുത്തത്. ഉപയോഗിച്ച തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരുന്നതായി സൂചനയുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബെംഗളൂരു ബൗറിങ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 8 മണിയോടെ റിസോർട്ടിലേക്ക് കൊണ്ടുപോകും. 10 മുതൽ 12 വരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30-ഓടെ കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം, റിസോർട്ടിൽ തന്നെ സംസ്കരിക്കും.

Also read: