‘രക്തസാക്ഷി ഫണ്ട് കണക്ക് പൊതുജനത്തിന് നൽകേണ്ടതില്ല; കുടുംബ സംഗമത്തിൽ അവതരിപ്പിക്കും’: കെ.കെ രാഗേഷ്
കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദം വീണ്ടും പുകയുന്നു. ഫണ്ട് തിരിമറി ആരോപിച്ച് പുസ്തകം പുറത്തിറക്കിയ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് രംഗത്തെത്തി. ഫണ്ട് പിരിച്ചത് പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രമായതിനാൽ അതിന്റെ കണക്ക് പൊതുജനത്തെയോ മാധ്യമങ്ങളെയോ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കുടുംബസംഗമങ്ങൾ വിളിച്ച് ചേർത്ത് പാർട്ടി അനുഭാവികളെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന ചടങ്ങ് സിപിഎം വിരുദ്ധരുടെ കൂട്ടായ്മയായിരുന്നുവെന്ന് രാഗേഷ് ആരോപിച്ചു. ആർഎംപി പ്രവർത്തകർ വരെ പങ്കെടുത്ത പരിപാടിക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ടി.ഐ മധുസൂദനൻ എംഎൽഎയോടുള്ള വ്യക്തിപരമായ പകയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും, ‘പകയുടെ കണക്കുപുസ്തകം’ എന്നാണ് പുസ്തകത്തിന് നൽകാൻ അനുയോജ്യമായ പേരെന്നും അദ്ദേഹം പരിഹസിച്ചു.
രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ പോലും പാർട്ടിക്ക് നഷ്ടമായിട്ടില്ല. ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ വന്ന സാങ്കേതിക പിഴവുകൾക്ക് പാർട്ടി നേരത്തെ തന്നെ അച്ചടക്ക നടപടി സ്വീകരിച്ചതാണ്. എന്നാൽ പാർട്ടിക്കകത്തെ രേഖകൾ ചോർത്തി സൂക്ഷിച്ചത് കുഞ്ഞികൃഷ്ണന്റെ വഞ്ചനാപരമായ നിലപാടാണ് കാണിക്കുന്നതെന്നും കെ.കെ രാഗേഷ് കുറ്റപ്പെടുത്തി.