02/04/2026
[fontresizer_tawhidurrahmandear_widget]

‘കയ്യും കാലും തല്ലിയൊടിക്കും’; കയ്യേറ്റം ഒഴിപ്പിച്ചതിന് വനിതാ തഹസിൽദാർക്ക് നേരെ ദേവികുളം എംഎൽഎ എ. രാജയുടെ ഭീഷണി

 ‘കയ്യും കാലും തല്ലിയൊടിക്കും’; കയ്യേറ്റം ഒഴിപ്പിച്ചതിന് വനിതാ തഹസിൽദാർക്ക് നേരെ ദേവികുളം എംഎൽഎ എ. രാജയുടെ ഭീഷണി

മൂന്നാർ: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ദേവികുളം എംഎൽഎ എ. രാജയും റവന്യൂ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ തർക്കം. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രിയെ ഫോണിൽ വിളിച്ചാണ് എംഎൽഎ പരസ്യമായി ഭീഷണിപ്പെടുത്തിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും നാട്ടിൽ അടി കിട്ടുമെന്നും എംഎൽഎ ഫോണിലൂടെ പറയുന്ന ശബ്ദരേഖ പുറത്തുവന്നു.

നിയമം നോക്കി നടന്നാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും, ഉദ്യോഗസ്ഥർ പണം വാങ്ങിയാണ് ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നതെന്നും എംഎൽഎ ആരോപിച്ചു. എന്നാൽ, എംഎൽഎയുടെ ഭീഷണിക്ക് വഴങ്ങാതെ കൃത്യമായ മറുപടിയാണ് തഹസിൽദാർ നൽകിയത്. പുറമ്പോക്ക് കയ്യേറുന്നവരാണ് പണം നൽകുന്നതെന്നും, തനിക്ക് രാഷ്ട്രീയമില്ലെന്നും നിയമപരമായ കാര്യങ്ങൾ മാത്രമേ ചെയ്യുകയുള്ളൂവെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി.

ആരാണ് പണം വാങ്ങിയതെന്ന് വ്യക്തമാക്കിയാൽ കളക്ടർക്ക് റിപ്പോർട്ട് നൽകാമെന്നും, കയ്യേറ്റങ്ങൾ തടയുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും തഹസിൽദാർ മറുപടി നൽകി. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം തുടർന്നതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ എംഎൽഎയെ അറിയിച്ചു. ജനപ്രതിനിധി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ഈ സംഭാഷണം പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് മൂന്നാർ സാക്ഷ്യം വഹിക്കുന്നത്.

Also read: