ഗദ്ദാഫിയുടെ കൊലപാതകത്തിനു പിന്നാലെ ലിബിയയുടെ കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ എപ്സ്റ്റീൻ; പിന്തുണയുമായി മൊസാദും
ജെഫ്രി എപ്സ്റ്റീന്‍, മുഹമ്മര്‍ ഗദ്ദാഫി
വാഷിങ്ടണ്‍: കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ലിബിയയുടെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ കൈക്കലാക്കാൻ എപ്സ്റ്റീനും കൂട്ടാളികളും പദ്ധതിയിട്ടിരുന്നതായാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട പുതിയ രേഖകൾ വ്യക്തമാക്കുന്നത്. 2011-ൽ അയച്ച ഒരു ഇമെയിലിലാണ് ഈ വിവരങ്ങളുള്ളത്.
ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിക്കെതിരെ നാറ്റോ പിന്തുണയോടെ പ്രക്ഷോഭം നടക്കുന്ന സമയത്താണ് ഈ ഇമെയിൽ സന്ദേശം കൈമാറപ്പെട്ടത്. ജൂലൈ 2011-ലെ ഈ ഇമെയിൽ പ്രകാരം, അന്നത്തെ ലിബിയൻ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വം മുതലെടുക്കാനുള്ള വലിയൊരു പദ്ധതിയാണ് എപ്സ്റ്റീന്റെ സംഘം തയ്യാറാക്കിയിരുന്നത്.
ആഗോളതലത്തിൽ ലിബിയയുടെ ഏകദേശം 80 ബില്യൺ ഡോളർ (ഏകദേശം 6.6 ലക്ഷം കോടി രൂപ) ആസ്തി മരവിപ്പിക്കപ്പെട്ടതായാണ് ഇമെയിലിൽ പറയുന്നത്. ഇതിൽ 32.4 ബില്യൺ ഡോളർ അമേരിക്കയിലാണ് ഉണ്ടായിരുന്നത്. എന്നാൽ, യഥാർത്ഥ കണക്ക് ഇതിന്റെ മൂന്നോ നാലോ ഇരട്ടിയാകുമെന്നും, മോഷ്ടിക്കപ്പെട്ടതോ വകമാറ്റി ചെലവഴിച്ചതോ ആയ വൻതുക വേറെയുമുണ്ടെന്നും ഇമെയിൽ അവകാശപ്പെടുന്നു.
ഈ ആസ്തികളിൽ അഞ്ചു മുതൽ 10 ശതമാനം വരെ കണ്ടെത്തി വീണ്ടെടുക്കുകയാണെങ്കിൽ, അതിൽ നിന്ന് 10 മുതൽ 25 ശതമാനം വരെ കമ്മീഷനായി ലഭിക്കുമെന്നും, അത് കോടിക്കണക്കിന് ഡോളർ വരുമെന്നും എപ്സ്റ്റീൻ കണക്കുകൂട്ടിയിരുന്നു.
ഈ പദ്ധതിയിൽ ബ്രിട്ടീഷ് ചാരസംഘടനയായ എംഐ-6, ഇസ്രയേലി ചാരസംഘടനയായ മൊസാദ് എന്നിവയിലെ മുൻ ഉദ്യോഗസ്ഥരുടെ സഹായം തേടുന്നതിനെക്കുറിച്ചും ഇമെയിലിൽ പരാമർശമുണ്ട്. മോഷ്ടിക്കപ്പെട്ട ആസ്തികൾ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും സഹായിക്കാൻ ഇവർ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന.
യുദ്ധാനന്തരം ലിബിയയുടെ പുനർനിർമാണത്തിനായി 100 ബില്യൺ ഡോളറിലധികം ചെലവഴിക്കേണ്ടി വരുമെന്ന് എപ്സ്റ്റീന്റെ സംഘം മുൻകൂട്ടി കണ്ടിരുന്നു. ലിബിയൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാനും അതുവഴി അവരെ തങ്ങളുടെ ആശ്രിതരാക്കി മാറ്റാനും അവർ ആഗ്രഹിച്ചിരുന്നു. വലിയ ഊർജ സമ്പത്തും ഉയർന്ന സാക്ഷരതാനിരക്കും ഉള്ളതിനാൽ ലിബിയ സാമ്പത്തിക നേട്ടങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണെന്നും ഇമെയിലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അടുത്തിടെ പുറത്തുവിട്ട എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകളുടെ കൂട്ടത്തിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് ഈ വെളിപ്പെടുത്തൽ വഴിവെച്ചിട്ടുണ്ട്.