02/03/2026
[fontresizer_tawhidurrahmandear_widget]

ചികിത്സയ്ക്കായി എട്ട് ലക്ഷം രൂപ കടം വാങ്ങി എയർ ആംബുലൻസ് ഏർപ്പാടാക്കി; യാത്രയിൽ എയർ ആംബുലൻസ് തകർന്ന് ഏഴ് മരണം

 ചികിത്സയ്ക്കായി എട്ട് ലക്ഷം രൂപ കടം വാങ്ങി എയർ ആംബുലൻസ് ഏർപ്പാടാക്കി; യാത്രയിൽ എയർ ആംബുലൻസ് തകർന്ന് ഏഴ് മരണം

റാഞ്ചി: ചികിത്സയ്ക്കായി എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എയർ ആംബുലൻസ് തകർന്ന് രോഗിയും കുടുംബവും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ വനപ്രദേശത്താണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റ് 65 ശതമാനം പൊള്ളലേറ്റ സഞ്ജയ് കുമാർ ഷാ (41), ഭാര്യ അർച്ചന ദേവി, ബന്ധു, മെഡിക്കൽ സംഘം, രണ്ട് പൈലറ്റുമാർ എന്നിവരാണ് മരിച്ചത്.

സഞ്ജയുടെ ജീവൻ രക്ഷിക്കാൻ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി ഏകദേശം എട്ട് ലക്ഷം രൂപ കടം വാങ്ങിയാണ് കുടുംബം എയർ ആംബുലൻസ് ഏർപ്പാടാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെ റാഞ്ചിയിൽ നിന്ന് പറന്നുയർന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ തകരുകയായിരുന്നു. ടിവി വാർത്തകളിലൂടെയാണ് വിയോഗം ബന്ധുക്കൾ അറിഞ്ഞത്. ഇതോടെ സഞ്ജയുടെ രണ്ട് മക്കളും അനാഥരായി.

അപകടത്തിൽ മരിച്ച ഡോക്ടർ വികാസ് കുമാർ ഗുപ്തയുടെ കുടുംബവും വലിയ ദുരന്തത്തിലാണ്. മകനെ ഡോക്ടറാക്കാൻ തന്റെ ഭൂമി മുഴുവൻ വിറ്റതാണെന്നും അദ്ദേഹത്തിന് ഏഴ് വയസ്സുള്ള മകനുണ്ടെന്നും പിതാവ് പറഞ്ഞു. റെഡ്‌ബേർഡ് എയർവേയ്‌സ് നടത്തുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിന് പിന്നാലെ രാജ്യത്ത് നടക്കുന്ന മറ്റൊരു വലിയ ദുരന്തമാണിത്.

Also read: