02/03/2026
[fontresizer_tawhidurrahmandear_widget]

ചൈനീസ് നിർമിത റോബോട്ടിനെ അടിച്ചുമാറ്റി എഐ സമ്മിറ്റിൽ സ്വന്തം പേരിൽ അവതരിപ്പിച്ചു; വീണ്ടും നാണക്കേടായി ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി

 ചൈനീസ് നിർമിത റോബോട്ടിനെ അടിച്ചുമാറ്റി എഐ സമ്മിറ്റിൽ സ്വന്തം പേരിൽ അവതരിപ്പിച്ചു; വീണ്ടും നാണക്കേടായി ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി

എ.ഐ സമ്മിറ്റില്‍ അവതരിപ്പിച്ച റോബോട്ട് ഡോഗ്, ഗല്‍ഗോട്ടിയാസ് യൂനിവേഴ്സിറ്റി കവാടം

ന്യൂഡല്‍ഹി: ഭാരത് മണ്ഡപത്തിൽ നടന്ന അന്താരാഷ്ട്ര ‘ഇന്ത്യ എഐ സമ്മിറ്റിൽ’ ചൈനീസ് നിർമിത റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ച് നോയിഡയിലെ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി. ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത അത്യാധുനിക റോബോഡോഗിന്റെ ലോഗോ മാറ്റി സ്വന്തം സ്റ്റിക്കർ പതിപ്പിച്ചാണ് സർവകലാശാല പ്രദർശനത്തിന് എത്തിച്ചത്. കള്ളത്തരം പിടിക്കപ്പെട്ടതോടെ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം യൂണിവേഴ്‌സിറ്റിയെ സമ്മിറ്റിൽനിന്ന് പുറത്താക്കി.

ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരുന്ന ‘യൂണിട്രീ ഗോ-2’ എന്ന റോബോട്ടിനെയാണ് ഗൽഗോട്ടിയാസ് തങ്ങളുടെ ഗവേഷണ നേട്ടമായി അവതരിപ്പിച്ചത്. ഇതിന്റെ യഥാർത്ഥ ബ്രാൻഡിംഗ് സ്റ്റിക്കറുകൾ മാറ്റിയ ശേഷം സർവകലാശാലയുടെ ലോഗോ പതിപ്പിക്കുകയായിരുന്നു. എന്നാൽ, സമ്മിറ്റിലെത്തിയ സാങ്കേതിക വിദഗ്ധർ ഇത് തിരിച്ചറിയുകയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തെളിവുകൾ പുറത്തുവിടുകയും ചെയ്തു. ഇന്ത്യയുടെ നിർമിത ബുദ്ധി മേഖലയിലെ മുന്നേറ്റം ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന വേദിയിൽ നടന്ന ഈ തട്ടിപ്പ് രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കി.

ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി ഇത്തരം വിവാദങ്ങളിൽപ്പെടുന്നത് ഇതാദ്യമല്ല. പണം നൽകി റാങ്കിംഗുകൾ വാങ്ങുന്നതും വിദ്യാർത്ഥികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതും സർവകലാശാലയുടെ പതിവു രീതിയാണെന്ന ആരോപണം ശക്തമാണ്.

നേരത്തെ, ബിജെപിക്കു വേണ്ടി വിദ്യാർഥികളെ ഉപയോഗിച്ചും സർവകലാശാല വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടികളിൽ ഗൽഗോട്ടിയാസിലെ വിദ്യാർത്ഥികളെ വ്യാപകമായി പങ്കെടുപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുൻപ് രാഹുൽ ഗാന്ധി ഉയർത്തിയ പൈതൃക സ്വത്തവകാശം ഉൾപ്പെടെയുള്ള വിഷയങ്ങൾക്കെതിരെ കോൺഗ്രസ് ആസ്ഥാനത്തേക്കാണു വിദ്യാർഥികളെ കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചത്.

എന്നാൽ, കൗതുകകരമായ കാര്യം, പ്രതിഷേധത്തിനെത്തിയ വിദ്യാർഥികൾ മാധ്യമസംഘങ്ങൾക്കു മുന്നിൽ നാണംകെട്ടതായിരുന്നു. എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഉത്തരം നൽകാനാകാതെ വിദ്യാർത്ഥികൾ വിയർത്തു. കൈയിലുള്ള പ്ലക്കാർഡുകളിലുള്ള വിഷയങ്ങൾ ചോദിച്ചപ്പോഴും അബദ്ധപ്പെരുമഴയായിരുന്നു വിദ്യാർഥികളുടെ മറുപടി. പ്ലക്കാർഡുകളിൽ എഴുതിയിരുന്ന അക്ഷരത്തെറ്റുകളും വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു.

രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചതായും വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. പരിപാടിയിൽ പങ്കെടുത്താൽ നടി കങ്കണ റണാവത്തിനെ കാണാമെന്നു പറഞ്ഞായിരുന്നുവത്രെ അധികൃതർ വിദ്യാർഥികളെ ഡൽഹിയിൽ എത്തിച്ചത്. കൂടാതെ ഇന്റേണൽ മാർക്ക് നൽകുമെന്നും അധികൃതർ വാഗ്ദാനം ചെയ്തതായി വിദ്യാർത്ഥികൾ തന്നെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ‘ഞങ്ങളോട് ക്ഷമിക്കണം, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഞങ്ങളെ കരുവാക്കുകയായിരുന്നു’ എന്ന് ഒരു വിദ്യാർത്ഥി കുറിച്ചത് വലിയ വാർത്തയായിരുന്നു.

അതിലേറെ വിചിത്രകരമായ കാര്യം ജെ.എൻ.യു പോലെയുള്ള രാജ്യത്തെ തന്നെ ഏറ്റവും തലയെടുപ്പുള്ള വിദ്യാഭ്യാസ കേന്ദ്രത്തിനെതിരെ ഭരണകൂടം ഉയർത്തിക്കാട്ടിയ സ്വകാര്യ സർവകലാശാലകളിലൊന്നായിരുന്നു ഗൽഗോട്ടിയാസ്. മികച്ച ഗവേഷണങ്ങൾക്കും ബൗദ്ധിക ചർച്ചകൾക്കും പേരുകേട്ട ജെ.എൻ.യു പോലുള്ള സ്ഥാപനങ്ങളെ അധിക്ഷേപിക്കാൻ ഗൽഗോട്ടിയാസിനെപ്പോലുള്ള സ്വാശ്രയ സ്ഥാപനങ്ങളെ ഭരണകൂടം ഉപയോഗിക്കുന്നു എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. എന്നാൽ, അക്കാദമിക് നിലവാരത്തിൽ ഗൽഗോട്ടിയാസ് എത്രത്തോളം പിന്നിലാണെന്ന് ഓരോ പുതിയ വിവാദങ്ങളും തെളിയിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൈതികത പുലർത്തേണ്ട ഗവേഷണ മേഖലയിൽ പോലും പച്ചയായ കള്ളം പ്രചരിപ്പിക്കുന്നത് ഗൗരവകരമായ കുറ്റമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെറും പിആർ വർക്കുകൾക്കും പരസ്യങ്ങൾക്കും വേണ്ടി വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നതെന്ന വിമർശനം ശക്തമാണ്.

എഐ സമ്മിറ്റിലെ ഈ പുറത്താക്കൽ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുടെ വിശ്വാസ്യത പൂർണമായും തകർത്തിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.

Also read: