02/03/2026
[fontresizer_tawhidurrahmandear_widget]

പാത്രം കൊട്ടിയാൽ കൊറോണ ചാകുമെന്ന് ‘ശാസ്ത്രീയ’ പഠനം; ചൈനീസ് റോബോട്ട് നായയ്ക്ക് പിന്നാലെ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ പ്രബന്ധവും വൈറൽ

 പാത്രം കൊട്ടിയാൽ കൊറോണ ചാകുമെന്ന് ‘ശാസ്ത്രീയ’ പഠനം; ചൈനീസ് റോബോട്ട് നായയ്ക്ക് പിന്നാലെ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ പ്രബന്ധവും വൈറൽ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന എഐ സമ്മിറ്റിൽ ചൈനീസ് റോബോട്ട് നായയെ സ്വന്തം സൃഷ്ടിയായി അവതരിപ്പിച്ച് പുലിവാലുപിടിച്ച ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിക്ക് വീണ്ടും തിരിച്ചടി. 2020-ൽ കോവിഡ് വ്യാപന സമയത്ത് ‘പാത്രം കൊട്ടുന്നതും മണി മുഴക്കുന്നതും വഴി കൊറോണ വൈറസിനെ നശിപ്പിക്കാം’ എന്ന് വാദിച്ചുകൊണ്ട് സർവകലാശാലയിലെ ഗവേഷകൻ പുറത്തിറക്കിയ പ്രബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.

ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് മെഡിക്കൽ ആൻഡ് അലൈഡ് സയൻസസിലെ ഗവേഷകനായിരുന്ന ധർമേന്ദ്ര കുമാറാണ് ഈ പ്രബന്ധത്തിന് പിന്നിൽ. 2020 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പാത്രം കൊട്ടാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ഈ ‘ശാസ്ത്രീയ’ പഠനം പുറത്തുവന്നത്.

ലോഹപ്പാത്രങ്ങൾ കൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ വായുവിലൂടെ പടരുന്ന വൈറസുകളുടെ ഘടന തകർക്കുമെന്നായിരുന്നു പ്രബന്ധത്തിലെ പ്രധാന വാദം. യാതൊരുവിധ ശാസ്ത്രീയ തെളിവുകളോ പരീക്ഷണങ്ങളോ ഇല്ലാതെ തയാറാക്കിയ ഈ പഠനം അന്ന് തന്നെ അന്താരാഷ്ട്ര തലത്തിൽ പരിഹാസത്തിന് പാത്രമായിരുന്നു. തുടർന്ന് ‘സാങ്കേതിക പിഴവ്’ ചൂണ്ടിക്കാട്ടി ജേണൽ ലേഖനം പിൻവലിച്ചിരുന്നു.

2026 ഫെബ്രുവരിയിൽ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി നടത്തിയ ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിലെ’ തട്ടിപ്പാണ് പഴയ പ്രബന്ധം വീണ്ടും കുത്തിപ്പൊക്കാൻ കാരണമായത്. ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ നിർമിച്ച റോബോട്ടിക് നായയെ തങ്ങളുടെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തതാണെന്ന് കാട്ടി സർവകലാശാല അവതരിപ്പിച്ചിരുന്നു. ഇത് തട്ടിപ്പാണെന്ന് തെളിഞ്ഞതോടെയാണ് സോഷ്യൽ മീഡിയ യൂസർമാർ സർവകലാശാലയുടെ പഴയകാല ‘ശാസ്ത്രീയ’ വിപ്ലവങ്ങൾ തിരഞ്ഞുപിടിച്ച് പുറത്തിട്ടത്.

എക്‌സ് പ്ലാറ്റ്ഫോമിൽ പ്രബന്ധത്തിന്റെ സ്‌ക്രീൻഷോട്ടുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ശാസ്ത്രവും സ്തുതിപാഠവും തമ്മിൽ തിരിച്ചറിയാത്ത അവസ്ഥയാണ് ഗൽഗോട്ടിയാസിൽ’ എന്നാണ് പലരും പരിഹസിക്കുന്നത്. എഐ മേഖലയിൽ 350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തരം തട്ടിപ്പുകൾ പുറത്തുവരുന്നത് സർവകലാശാലയുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്.

രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ശാസ്ത്രത്തെ വളച്ചൊടിക്കുന്നത് അക്കാദമിക് ലോകത്തിന് അപമാനമാണെന്ന് ശാസ്ത്രപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. പഴയ ‘പാത്രം കൊട്ടൽ’ പ്രബന്ധവും പുതിയ ‘റോബോട്ട് തട്ടിപ്പും’ ചേർത്ത് ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയെ ട്രോളുകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

നേരത്തെ, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ച സർവകലാശാലാ നടപടിയും വിവാദത്തിലായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ വിദ്യാർഥികൽ വിയർത്തതും സോഷ്യൽ മീഡിയയിൽ ഏറെ പരിഹാസത്തിനിടയാക്കി.

Also read: