06/03/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ ജീവൻ അപകടത്തിൽ; മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനിൽ പിടിച്ചിട്ടു’-മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഹിന്ദു യുവാവിന് വധഭീഷണി

 ‘എന്റെ ജീവൻ അപകടത്തിൽ; മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനിൽ പിടിച്ചിട്ടു’-മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഹിന്ദു യുവാവിന് വധഭീഷണി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുസ്‌ലിം വയോധികന്റെ കടയ്ക്ക് നേരെ നടന്ന സംഘ്പരിവാർ അതിക്രമം തടഞ്ഞതിന് വധഭീഷണി നേരിടേണ്ടി വരുന്നുവെന്ന് ജിം ഉടമ ദീപക് കുമാർ. പോലീസും ഭരണകൂടവും അക്രമികൾക്ക് കൂട്ടുനിൽക്കുകയാണെന്നും, തന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ പിടിച്ചിടുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

‘എന്റെ ജീവൻ അപകടത്തിലാണ്. അവർ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പുറത്തുനിന്നെത്തുന്ന സംഘങ്ങൾ 5-6 മണിക്കൂറോളം നഗരത്തിൽ ചുറ്റിനടന്ന് ഭീതി പരത്തുകയാണ്. എന്റെ ജിമ്മിന് മുന്നിലെ ഗ്രൗണ്ടിൽ ഏകദേശം 150-ഓളം പേർ തടിച്ചുകൂടി. അവർ എന്നെ മാത്രമല്ല, എന്റെ അമ്മയെയും സഹോദരിയെയും വരെ പച്ചത്തെറി വിളിച്ചു.’-ദീപക് വെളിപ്പെടുത്തി.

പോലീസിനെതിരെ ഗുരുതര ആരോപണമാണ് ദീപക് ഉന്നയിക്കുന്നത്. ‘ഭരണകൂടം അക്രമികളെ തടയുന്നില്ല, പകരം അവർക്കൊപ്പം ചുറ്റുകയാണ്. ഇതിനിടെ പോലീസ് എന്നെ പിടിച്ചുകൊണ്ടുപോയി സ്റ്റേഷനിൽ അടച്ചു. ഏകദേശം രണ്ടര-മൂന്ന് മണിക്കൂറോളം എന്നെ അവിടെ പിടിച്ചിട്ടു. എനിക്കെതിരെ അസഭ്യം ചൊരിഞ്ഞു. സുരക്ഷയുടെ പേരിലാണ് ഇത് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, യഥാർത്ഥത്തിൽ പുറത്തുനിന്നെത്തിയ അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുകയായിരുന്നു അവർ. ഞാൻ ഈ നാട്ടുകാരനാണ്, എന്നിട്ടും എന്തിനാണ് എന്നെ ഇങ്ങനെ സമ്മർദത്തിലാക്കുന്നത്?’- ദീപക് ചോദിക്കുന്നു.

ജനുവരി 26-നാണ് കോട്ദ്വാറിലെ ‘ബാബ ഷോപ്പ്’ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്റങ് ദൾ പ്രവർത്തകർ എത്തിയത്. അടുത്ത് ജിം നടത്തുന്ന ദീപക് കുമാർ രംഗത്തെത്തി, ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്ന് പ്രഖ്യാപിച്ച് അക്രമികളെ തടയുകയായിരുന്നു. സംഭവം വലിയ വാർത്തയായതിനു പിന്നാലെയാണ് ഋഷികേശ്, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നുള്ള തീവ്രവലതുപക്ഷ സംഘങ്ങൾ ദീപക്കിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Also read: