07/03/2026
[fontresizer_tawhidurrahmandear_widget]

പെരുമ്പാവൂരിൽ എച്ച്‌ഐവി ബാധിച്ചവരിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും

 പെരുമ്പാവൂരിൽ എച്ച്‌ഐവി ബാധിച്ചവരിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും

പെരുമ്പാവൂർ: പെരുമ്പാവൂരിൽ എച്ച്‌ഐവി രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ക്രമരഹിതമായ പരിശോധനയിൽ 15 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് പുറമെ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.

ലഹരിമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് മാറിമാറി ഉപയോഗിക്കുന്നതും അതിഥി തൊഴിലാളികൾക്കിടയിലെ വർധിച്ചുവരുന്ന ലൈംഗിക തൊഴിലുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ, രോഗവിവരം പുറത്തറിഞ്ഞാൽ നേരിടേണ്ടി വരുന്ന സാമൂഹിക ഒറ്റപ്പെടൽ ഭയന്ന് പലരും താമസം മാറിപ്പോകുന്നത് ഇവരെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനും വെല്ലുവിളിയാകുന്നുണ്ട്.

അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ‘ബായി കോളനികൾ’ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും അനാശ്വാസ പ്രവർത്തനങ്ങളും വർധിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ശുചിത്വമില്ലാത്ത താമസസൗകര്യങ്ങളും മതിയായ രേഖകളില്ലാത്ത താമസക്കാരും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നുണ്ട്. മലയാളികളായ കെട്ടിട ഉടമകൾ ചെറിയ മുറികളിൽ പത്തും പതിനഞ്ചും പേരെ കുത്തിനിറച്ച് താമസിപ്പിക്കുന്നത് രോഗങ്ങൾ പടരാൻ കാരണമാകുന്നുവെന്നും ആക്ഷേപമുണ്ട്.

സംഭവം ഗൗരവമായതോടെ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് കേസുകൾക്ക് പുറമെ രേഖകളില്ലാതെ താമസിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പും പോലീസും സംയുക്തമായി ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഭാഷാപരമായ പരിമിതികൾ ഇതിന് തടസ്സമാകുന്നുണ്ട്.

Also read: