വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ഐടി ജീവനക്കാരായ 6 മലയാളി യുവാക്കൾ അറസ്റ്റിൽ
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളി യുവാക്കൾ പിടിയിൽ. തായ്‌ലൻഡിൽ നിന്നും രണ്ട് വിമാനങ്ങളിലായി എത്തിയ ഐടി ജീവനക്കാരായ യുവാക്കളെയാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.
രണ്ട് സംഘങ്ങളായാണ് ഇവർ ലഹരിക്കടത്തിന് എത്തിയത്. ആദ്യമെത്തിയ നാലംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ വിശദമായി പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ നടത്തിയ പരിശോധനയിൽ ബാഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 15 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 15 കോടി രൂപ വിലവരും.
തുടർന്ന് ഇന്നലെ പുലർച്ചെ തായ്‌ലൻഡിൽ നിന്നെത്തിയ മറ്റൊരു വിമാനത്തിലെ രണ്ട് യുവാക്കളെ കൂടി പരിശോധിച്ചപ്പോൾ ഇവരിൽ നിന്ന് 8 കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലുമായി അതീവ രഹസ്യമായാണ് ഇവർ ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ ആറ് പേരെയും കോടതിയിൽ ഹാജരാക്കി.