13/06/2026
[fontresizer_tawhidurrahmandear_widget]

‘മെത്താംഫെറ്റമിൻ,എൽഎസ്ഡി സ്റ്റാംപുകൾ,കഞ്ചാവ്’: ലഹരി കൈമാറാനെത്തിയ അഞ്ജു കൃഷ്ണയും സംഘവും പോലീസ് പിടിയിൽ

 ‘മെത്താംഫെറ്റമിൻ,എൽഎസ്ഡി സ്റ്റാംപുകൾ,കഞ്ചാവ്’: ലഹരി കൈമാറാനെത്തിയ അഞ്ജു കൃഷ്ണയും സംഘവും  പോലീസ് പിടിയിൽ

ചെന്നൈ: മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് എന്നിവയുമായി ലഹരി കൈമാറാനെത്തിയ മലയാളി യുവനടി അഞ്ജു കൃഷ്ണയും സംഘവും ചെന്നൈയിൽ പിടിയിലായി. ആവശ്യക്കാരെന്ന വ്യാജേന എത്തിയ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് വലവിരിച്ചാണ് സംഘത്തെ കുടുക്കിയത്. തമിഴ് ചിത്രം ‘വെള്ളിമലൈ’, ജോജു ജോർജ് ചിത്രം ‘ആരോ’ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജു കൃഷ്ണ. അഞ്ജുവിനൊപ്പം തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നെശപ്പാക്കം സ്വദേശി വിഘ്‌നേശ്വരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി സംഘത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് സംഘം തന്ത്രപൂർവം ഇവരെ സമീപിക്കുകയായിരുന്നു. ലഹരി കൈമാറാൻ വത്സരവാക്കത്ത് എത്തിയപ്പോഴാണ് സംഘം പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് വലിയ അളവിൽ മെത്താംഫെറ്റമിനും മറ്റ് മയക്കുമരുന്നുകളും പോലീസ് കണ്ടെടുത്തു.

അഞ്ജുവിനും വിൻസിക്കും പുറമെ വെങ്കിടേഷ് കുമാർ, കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവിബിൻഷ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. സിനിമാ മേഖലയിലെ പാർട്ടികൾക്കായി വൻതോതിൽ ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന സംഘമാണിതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also read: