‘ആണവായുധം നിർമിക്കാത്തത് ഇറാന്റെ രാഷ്ട്രീയ തന്ത്രമല്ല, വിശ്വാസ നിലപാട്; ഖാംനഇയുടെ ഫത്വയുണ്ട്’; വ്യക്തമാക്കി പെസെഷ്കിയാൻ
തെഹ്റാൻ: ആണവായുധങ്ങൾ നിർമിക്കില്ലെന്നത് ഇറാന്റെ കേവലം രാഷ്ട്രീയ തന്ത്രമല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. മതപരമായ വിശ്വാസങ്ങളുടെയും കർമശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലുള്ള ഉറച്ച തീരുമാനമാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച വടക്കൻ പ്രവിശ്യയായ മസന്ദരാനിൽ സംസാരിക്കുകയായിരുന്നു പെസെഷ്കിയാൻ.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഫത്വ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിന്റെ പരാമർശം. ”ആണവായുധങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾ ശ്രമിക്കില്ലെന്ന് പരമോന്നത മതനേതാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മതപരവും കർമശാസ്ത്രപരവുമായ വിശ്വാസങ്ങളിൽ വേരൂന്നിയ ഒരു നിലപാടാണ്. അതൊരിക്കലും മാറ്റാൻ കഴിയുന്ന ഒരു രാഷ്ട്രീയ തന്ത്രമല്ല,’-പെസെഷ്കിയാൻ പറഞ്ഞു.
ഒരു രാഷ്ട്രീയക്കാരന് ചിലപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ മാറ്റിപ്പറയാൻ കഴിഞ്ഞേക്കും. എന്നാൽ, മതനേതാവിന് വിശ്വാസങ്ങൾക്കും മതപരമായ വിധികൾക്കും വിരുദ്ധമായി സംസാരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി മൂന്നാം ഘട്ട ആണവ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ പ്രസ്താവന വരുന്നത്. ചൊവ്വാഴ്ച യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്കയും ഇസ്രയേലും ചേർന്ന് പൂർണമായും തകർത്തുവെന്നും എന്നാൽ ഇറാൻ വീണ്ടും തങ്ങളുടെ ‘ദുഷിച്ച’ ആണവ മോഹങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും ആരോപിച്ചിരുന്നു.
ഇറാനിൽ അടുത്തിടെ നടന്ന പ്രക്ഷോഭങ്ങളിൽ 32,000 പേർ കൊല്ലപ്പെട്ടുവെന്ന ട്രംപിന്റെ വാദത്തെയും ഇറാൻ പ്രസിഡന്റ് ശക്തമായി തള്ളി. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകളും അവരുടെ ദേശീയ തിരിച്ചറിയൽ നമ്പറുകളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ കൂടുതൽ ആളുകൾ മരിച്ചുവെന്ന് പറയുന്നവർ കൃത്യമായ തെളിവുകൾ കൊണ്ടുവരട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഇറാനിലെ ‘ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സ്’ നൽകുന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം 3,117 പേരാണ് ഈ കലാപങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ 2,427 പേർ നിരപരാധികളായ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടിയ 300 മുതൽ 400 വരെ സൈനികരും ഇതിൽ ഉൾപ്പെടുന്നുവെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനാണ് ശത്രുക്കൾ ശ്രമിച്ചതെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി. പള്ളികൾക്ക് തീയിടുകയും സുരക്ഷാസേനയെ കൊലപ്പെടുത്തുകയും ചെയ്തവരെ ഒരിക്കലും പ്രതിഷേധക്കാരായി കണക്കാക്കാനാകില്ല. സമാധാനപരമായ പ്രതിഷേധങ്ങളെ അംഗീകരിക്കുന്നുണ്ട്. എന്നാൽ, സമാധാനപരമായ പ്രതിഷേധങ്ങളെയും അക്രമങ്ങളെയും രണ്ടായി തന്നെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.