രണ്ട് മണിക്കൂറിനിടെ ഇസ്രയേലിൽ മൂന്നിടത്തായി ബസപകടങ്ങൾ; നിരവധി സൈനികർക്ക് പരിക്ക്
തെൽ അവീവ്: തെക്കൻ ഇസ്രയേലിൽ രണ്ട് മണിക്കൂറിനിടെയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ 37 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയുണ്ടായ ഈ അപകടങ്ങളിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും ഇസ്രയേൽ പ്രതിരോധ സേനയിലെ (ഐഡിഎഫ്) അംഗങ്ങളാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും വേഗത്തിൽ സഞ്ചരിക്കുന്നതിനായി ചില പ്രധാന റോഡുകളിൽ പോലീസ് ഗതാഗതം നിരോധിച്ചു.
സൈനികരുമായി ബേസിലേക്ക് പോവുകയായിരുന്ന ബസ് ഹൈവേ 40-ൽ മിറ്റ്സ്പെ റാമോണിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞാണ് ആദ്യത്തെ അപകടമുണ്ടായത്. ബസിന്റെ മുൻവശത്തെ ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഐഡിഎഫ് ഡോക്ടർ സ്ഥിരീകരിച്ചു. അപകടസമയത്ത് ബസിൽ അമ്പതോളം പേരുണ്ടായിരുന്നു. ഇതിൽ 21 സൈനികർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ബാക്കി 19 പേർക്ക് നിസ്സാര പരിക്കുകളാണുള്ളത്. അപകടത്തെ തുടർന്ന് ഹൈവേ 40 വഴിയുള്ള ഗതാഗതം ഇരുദിശയിലും പോലീസ് അടച്ചു.
ആദ്യ അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഹൈവേ 25-ൽ നെവാറ്റിം ജങ്ഷന് സമീപം സൈനികർ സഞ്ചരിച്ച മറ്റൊരു ബസും ഒരു കാറും കൂട്ടിയിടിച്ചു. തകർന്ന കാറിൽ കുടുങ്ങിയ 29 വയസ്സുകാരിയായ ഡ്രൈവറെ ബീർഷെബയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്. ഇവർക്കും മറ്റ് 10 യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
മോശവ് റുഹാമയ്ക്ക് സമീപം ഒരു ബസും ട്രക്കും കൂട്ടിയിടിച്ചാണ് മൂന്നാമത്തെ അപകടം സംഭവിച്ചത്. ഇവിടെ അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവർക്ക് ഇസ്രയേലിന്റെ ദേശീയ അടിയന്തര വൈദ്യസഹായ വിഭാഗമായ മാഗൻ ഡേവിഡ് അഡോം പ്രവർത്തകരാണ് സംഭവസ്ഥലത്ത് വെച്ച് പ്രാഥമിക ശുശ്രൂഷ നൽകിയത്. പരിക്കേറ്റവരെയെല്ലാം ബീർഷെബയിലെ സൊറോക്ക മെഡിക്കൽ സെന്ററിലേക്കും അഷ്കെലോണിലെ ബർസിലായ് മെഡിക്കൽ സെന്ററിലേക്കുമായി മാറ്റി.