‘വെറുതെ രണ്ട് ചോദ്യം ചോദിച്ചു, ഊണുകഴിച്ച് ഞങ്ങൾ പിരിഞ്ഞു’; ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ജയറാം
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചി സോണൽ ഓഫീസിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ ഏകദേശം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതിനാണ് താരത്തെ വിളിപ്പിച്ചത്.
ഉദ്യോഗസ്ഥരുടേത് സൗഹാർദ്ദപരമായ പെരുമാറ്റമായിരുന്നുവെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ല. കഴിഞ്ഞ 38 വർഷമായി നിരവധി ക്ഷേത്രചടങ്ങുകളിൽ താൻ പങ്കെടുക്കാറുണ്ട്, അതിന്റെ ഭാഗമായുള്ള പരിചയം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ ഓരോ മലയാളിയുടെയും വികാരമാണെന്നും അവിടെ എന്തെങ്കിലും കൊള്ളരുതായ്മകൾ നടന്നിട്ടുണ്ടെങ്കിൽ അത് വെളിച്ചത്തുകൊണ്ടുവരേണ്ടത് പൗരന്റെ കടമയാണെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും തൽക്കാലം വീണ്ടും ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.