നമുക്ക് ഇനി പ്രതീക്ഷ ആമയിലാണ്; കേരളത്തെ ആമയാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്-ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: 2026-27 കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. കേരളത്തെ പൂർണമായും തഴഞ്ഞ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. അതിവേഗ റെയിൽ ഇടനാഴിയുടെ കാര്യത്തിൽ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. കേരളത്തെ ആമയാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഹൈസ്പീഡ് റെയിൽ കോറിഡോറിന് കേന്ദ്രം അനുമതി നൽകിയെന്ന് ഇ. ശ്രീധരനെക്കൊണ്ട് പറയിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബ്രിട്ടാസ് ആരോപിച്ചു. ബജറ്റിൽ ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും അതിലൊരിടത്തും കേരളമില്ല. റെയിൽവേ മന്ത്രി പറയേണ്ട കാര്യങ്ങൾ ഒരു സ്വകാര്യ വ്യക്തിയെക്കൊണ്ട് പറയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
വർഷങ്ങളായി കേരളം ഉന്നയിക്കുന്ന എയിംസ് എന്ന ആവശ്യത്തോട് ബജറ്റ് പരിപൂർണ നിശബ്ദത പാലിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എത്രയോ തവണ കേന്ദ്രം വാഗ്ദാനം നൽകിയിട്ടും ഇത്തവണയും കേരളത്തെ തഴഞ്ഞത് വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉൾനാടൻ ജലപാത, ഷിപ്പ് റിപ്പയർ തുടങ്ങിയ മേഖലകളിൽ കേരളത്തിന് വലിയ സാധ്യതകൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ വാരാണസിക്കും പട്നയ്ക്കും നൽകി. നമ്മുടെ പ്രതീക്ഷ ഇനി ആമയിലാണ്. കേരളത്തെ വെറും ആമയാക്കി കണ്ട് ഒതുക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന്, കടലാമ സംരക്ഷണ കേന്ദ്രം പ്രഖ്യാപിച്ചതിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. കേരളം സമർപ്പിച്ച 29 സുപ്രധാന ആവശ്യങ്ങളും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. 16-ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടും കേരളത്തിന് നിരാശയാണ് നൽകുന്നത്. കേരളം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പശ്ചാത്തലത്തിൽ കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും ലഭിക്കുമെന്ന് കരുതിയെങ്കിലും മാക്രോ തലത്തിലോ മൈക്രോ തലത്തിലോ കേരളത്തിന് ഒരു പരിഗണനയും ലഭിച്ചില്ലെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു.