അമ്മയെയും ഭാര്യയെയും തെറിവിളിച്ചാൽ നോക്കിനിൽക്കില്ല; ഭയം ദേവത്തെ മാത്രം – മുഹമ്മദ് ദീപക്
അമ്മയെയും ഭാര്യയെയും തെറിവിളിക്കുന്നതു കേട്ടാണ് 150-ലേറെ പേരുള്ള ബജ്‌റംഗ്ദൾ ആൾക്കൂട്ടത്തിലേക്ക് താൻ ഇറങ്ങിച്ചെന്നതെന്നും ഇത്തരം സന്ദർഭങ്ങളിൽ 150 അല്ല, 1500 പേർ ഉണ്ടെങ്കിലും നേരിടാൻ മടിയില്ലെന്നും ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാരിയെ രക്ഷിച്ച് ഹീറോ ആയ ദീപക് കുമാർ. മുസ്ലിം വയോധികന്റെ കടയുടെ പേര് മാറ്റാനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകരെ പിന്തിരിപ്പിച്ച ദീപകിനെ നേരിടാൻ പിന്നീട് വൻ ആൾക്കൂട്ടം എത്തുകയായിരുന്നു. സ്ഥലത്ത് ക്രമസമാധാന നില തകരാറിലാവുന്ന സാഹചര്യം ഉണ്ടായെങ്കിലും പൊലീസ് അക്രമികളെ പിന്തിരിപ്പിച്ചില്ലെന്നും തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തതെന്നും മാധ്യമപ്രവർത്തകൻ അജിത് അൻജുമിന് നൽകിയ അഭിമുഖത്തിൽ ദീപക് പറഞ്ഞു.
അനീതി നടക്കുമ്പോൾ അതിനെതിരെ ഇടപെടുന്നത് തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പേര് മാറ്റാനെത്തിയ ബജ്‌റംഗ്ദൾ സംഘത്തെ അതിന് അനുവദിക്കണം എന്നായിരുന്നു അവരുടെ നിലപാട്. അവരെ തടയാൻ പാടില്ലായിരുന്നു. അക്രമം അഴിച്ചുവിടാൻ അനുവദിക്കണമായിരുന്നു. എന്നാൽ, ഈശ്വര വിശ്വാസിയായ തനിക്ക് അക്രമം നടക്കുമ്പോൾ നോക്കിനിൽക്കാൻ കഴിയില്ലായിരുന്നു – ദീപക് പറഞ്ഞു.
മുസ്ലിം വയോധികന്റെ കടയുടെ പേരിൽ നിന്ന് ബാബ എന്നത് ഒഴിവാക്കണം എന്നായിരുന്നു അവരുടെ ആവശ്യം. ബാബ എന്നാൽ ഏതെങ്കിലും മതത്തിന്റെ സ്വന്തമാണോ? എല്ലാ മതത്തിലും ബാബ ഉണ്ട്. ചെറിയ കുട്ടികളെയും പ്രായമായവരെയും ബാബ എന്നു വിളിക്കാറുണ്ട്. ബാബാ പീർ ദർഗയിൽ ഞങ്ങൾ ഹിന്ദുക്കളും പോയി പ്രാർത്ഥിക്കാറുണ്ട്. ഞാൻ ഇന്ത്യക്കാരനാണ്. എല്ലാ മതങ്ങളും ചേർന്നതാണ് ഇന്ത്യ. ഇവിടെ, ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു മേൽ അക്രമം നടത്തുന്നത് നോക്കി നിൽക്കാൻ കഴിയില്ല – ദീപക് പറഞ്ഞു.
ബജ്‌റംഗ്ദൾകാരെ താൻ നേരിടുന്ന വീഡിയോ വൈറലായ ശേഷം പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിളിച്ചിരുന്നതായും എന്തുണ്ടെങ്കിലും അറിയിക്കണമെന്ന് നിർദേശിച്ചതായും ദീപക് പറഞ്ഞു. തനിക്കെതിരെ തെറിവിളിച്ചു കൊണ്ട് നൂറുകണക്കിനാളുകൾ തെരുവിലൂടെ നടക്കുന്നത് പൊലീസിനെ അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. തന്റെ ജിം ഉൾപ്പെടുന്ന കെട്ടിടത്തിന്റെ പരിസരത്ത് അവർ അഞ്ചാറ് മണിക്കൂർ തെറിവിളിച്ച് ചുറ്റിക്കറങ്ങി. അപ്പോഴെല്ലാം പൊലീസ് നോക്കിനിന്നു. അവസാനം അമ്മയെയും ഭാര്യയെയും അടക്കം തെറിവിളിക്കുന്നത് കേട്ട് ക്ഷമകെട്ടപ്പോഴാണ് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്നത്.
അവർ 150-ലേറെ ആളുകൾ ഉണ്ടായിരുന്നു. അവർ താഴെ ഒരുമിച്ചു കൂടി തെറിവിളിക്കുകയായിരുന്നു. എന്റെ പ്രസവിച്ചത് അമ്മയാണ്. അവരെപ്പറ്റി തെറി കേൾക്കാൻ എനിക്ക് പറ്റില്ല. ജീവിതകാലം മുഴുവൻ എന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ച ഭാര്യയെപ്പറ്റിയും തെറി കേൾക്കാൻ കഴിയില്ല. അപ്പോൾ 150 ആണോ 150 ആണോ എന്നതൊന്നും ഞാൻ നോക്കില്ല. ഞാൻ ഒറ്റക്കാണ് പോയത്. എന്റെ കൂടെ കുറച്ചുപേർ ഉണ്ടായിരുന്നെങ്കിലും അവർ പേടിച്ചു പോയിരുന്നു. ഞാൻ ഒറ്റക്ക് ചാടിയിറങ്ങിയാണ് പോയത്. – ദീപക് പറഞ്ഞു.