03/03/2026
[fontresizer_tawhidurrahmandear_widget]

ഫോൺ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഹാക്ക് ചെയ്യപ്പെട്ടതാകാം; 10 സൂചനകൾ ശ്രദ്ധിക്കുക!

 ഫോൺ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഹാക്ക് ചെയ്യപ്പെട്ടതാകാം; 10 സൂചനകൾ ശ്രദ്ധിക്കുക!

രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ നമ്മുടെ സകല പ്രവൃത്തികളും സ്മാർട്ട്‌ഫോണുകളെ ചുറ്റിപ്പറ്റിയാണ്. ഉപകരണത്തിനപ്പുറം നമ്മുടെ ജീവിതത്തിന്റെ തന്നെ അവിഭാജ്യമായ ഡിജിറ്റൽ ലോക്കറായി ഇവ മാറിയിരിക്കുകയാണ്. പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ മുക്കാൽ ഭാഗവും ആശയവിനിമയത്തിനും പകുതിയോളം പേർ ബാങ്കിങ് ആവശ്യങ്ങൾക്കുമാണ് ഫോണിനെ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ഫോൺ ഹാക്കിങ് വ്യക്തിജീവിതത്തെയും സാമ്പത്തിക സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

‘എന്റെ ഫോൺ ആർക്കെങ്കിലും ഹാക്ക് ചെയ്യാൻ കഴിയുമോ?’ എന്ന ആശങ്ക ഇന്ന് പലർക്കുമുണ്ട്. ഐഫോൺ ആയാലും ആൻഡ്രോയിഡ് ആയാലും സൈബർ കുറ്റവാളികൾക്ക് വിവിധ സാങ്കേതിക വിദ്യകളിലൂടെ അവ നിയന്ത്രിക്കാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം. മാരകമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെയോ, വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെയോ, സുരക്ഷിതമല്ലാത്ത പൊതു വൈഫൈ ഉപയോഗിക്കുന്നതിലൂടെയോ ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റയിലേക്ക് പ്രവേശനം ലഭിക്കാം. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് തിരിച്ചറിയാൻ പ്രശസ്ത സൈബർ സുരക്ഷാ ഗവേഷകരായ ബെനിൽഡ് ജോസഫ്, ഫർഹാൻ ബിൻ ഫാസിൽ എന്നിവർ ചൂണ്ടിക്കാണിക്കുന്ന 10 പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

  1. ബാറ്ററി പെട്ടെന്ന് തീരുന്നു: ഫോണിന്റെ ഉപയോഗത്തിൽ മാറ്റം വരാതെ തന്നെ ചാർജ് അസാധാരണമായി കുറയുന്നുണ്ടെങ്കിൽ പശ്ചാത്തലത്തിൽ മാൽവെയറുകൾ പ്രവർത്തിക്കുന്നുണ്ടാകാം.
  2. അമിതമായി ചൂടാകുക: ഉപയോഗിക്കാത്ത സമയത്തും ഫോൺ ചൂടാകുന്നത് ഉള്ളിൽ ക്ഷുദ്ര സോഫ്റ്റ്‌വെയറുകൾ സിസ്റ്റം റിസോഴ്‌സുകൾ ഉപയോഗിക്കുന്നതിന്റെ സൂചനയാണ്.
  3. ഇൻഡിക്കേറ്റർ ലൈറ്റുകൾ: ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കാത്തപ്പോൾ ഫോണിന് മുകളിൽ കാണുന്ന ഇൻഡിക്കേറ്റർ ലൈറ്റുകൾ തെളിയുന്നുണ്ടെങ്കിൽ ആരോ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകാം.
  4. അപരിചിതമായ ആപ്പുകൾ: നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാത്ത പുതിയ ആപ്പുകൾ ഫോണിൽ കാണുന്നത് ഹാക്കിങ്ങിന്റെ വ്യക്തമായ ലക്ഷണമാണ്.
  5. ഡാറ്റ ഉപയോഗം വർദ്ധിക്കുക: വലിയ അളവിൽ ഇന്റർനെറ്റ് ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ പുറത്തേക്ക് കൈമാറപ്പെടുന്നു എന്ന് കരുതേണ്ടി വരും.
  6. അപ്രതീക്ഷിത പോപ്പ്അപ്പുകൾ: സ്‌ക്രീനിൽ ഇടയ്ക്കിടെ തെളിയുന്ന പരസ്യങ്ങളും വിചിത്രമായ ലിങ്കുകളും ഫോണിൽ ആഡ്‌വെയർ ബാധിച്ചതിനെ സൂചിപ്പിക്കുന്നു.
  7. സൗജന്യ വെരിഫിക്കേഷൻ കോഡുകൾ: നിങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിക്കാതെ തന്നെ അനാവശ്യ ഒടിപി സന്ദശങ്ങൾ വരുന്നത് ഹാക്കിങ്ങിന്റെ മുന്നോടിയാണ്.
  8. അപരിചിതമായ കോളുകളും മെസേജുകളും: നിങ്ങളുടെ കോൾ ഹിസ്റ്ററിയിൽ നിങ്ങൾ വിളിക്കാത്ത നമ്പറുകൾ കാണുകയോ, സുഹൃത്തുക്കൾക്ക് നിങ്ങളുടെ നമ്പറിൽ നിന്ന് വിചിത്രമായ ലിങ്കുകൾ ലഭിക്കുകയോ ചെയ്യുന്നത് അപകടമാണ്.
  9. ഫോൺ പതുക്കെ പ്രവർത്തിക്കുന്നു: ഹാക്ക് ചെയ്യപ്പെട്ട ഫോണുകൾ പലപ്പോഴും പ്രവർത്തനത്തിൽ മന്ദത കാണിക്കാറുണ്ട്.
  10. അക്കൗണ്ടുകളിൽ നിന്നുള്ള ലോക്കൗട്ടുകൾ: നിങ്ങളുടെ സോഷ്യൽ മീഡിയ അല്ലെങ്കിൽ ബാങ്ക് പാസ്‌വേഡുകൾ മാറ്റപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ജാഗ്രത പാലിക്കുക.

ഹാക്ക് ചെയ്യപ്പെട്ടാൽ എന്തുചെയ്യണം?

ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ ആദ്യം ഇന്റർനെറ്റ് വിച്ഛേദിക്കുകയോ ഫോൺ എയർപ്ലെയിൻ മോഡിലാക്കുകയോ ചെയ്യുക. പ്രധാനപ്പെട്ട എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ ഉടൻ മാറ്റുകയും ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും വേണം. സംശയാസ്പദമായ ആപ്പുകൾ നീക്കം ചെയ്ത ശേഷം ആന്റിമാൽവെയർ സ്‌കാൻ നടത്തുക. മറ്റൊന്നും ഫലിക്കുന്നില്ലെങ്കിൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുക. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഔദ്യോഗിക ആപ്പ് സ്‌റ്റോറുകൾ മാത്രം ഉപയോഗിക്കാനും പൊതു വൈഫൈ നെറ്റ്‌വർക്കുകളിൽ നിന്ന് മാറിനിൽക്കാനും ശ്രദ്ധിക്കുക.

Also read: