28/03/2026
[fontresizer_tawhidurrahmandear_widget]

ഭീകരതയെ തകർക്കാൻ ‘പ്രഹാർ’; ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രം

 ഭീകരതയെ തകർക്കാൻ ‘പ്രഹാർ’; ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യസുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ ഭീകരവിരുദ്ധ നയം ‘പ്രഹാർ’ (PRAHAAR) കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കി. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭരണകൂട സ്‌പോൺസേർഡ് ഭീകരതയെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി നയം അടയാളപ്പെടുത്തുന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആയുധക്കടത്ത്, ക്രിപ്‌റ്റോ കറൻസി വഴിയുള്ള സാമ്പത്തിക സഹായം, ഡാർക്ക് വെബ്ബ്, സൈബർ ഇടങ്ങളിലെ തീവ്രവാദ പ്രചാരണം എന്നിവ നേരിടാൻ സജ്ജമായ ഇന്റലിജൻസ് അധിഷ്ഠിത പ്രതിരോധ സംവിധാനത്തിനാണ് ‘പ്രഹാർ’ മുൻഗണന നൽകുന്നത്.

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര-സംസ്ഥാന ഏജൻസികൾക്കിടയിൽ തത്സമയ വിവരശേഖരണത്തിനായി ഇന്റലിജൻസ് ബ്യൂറോയുടെ കീഴിലുള്ള മൾട്ടി ഏജൻസി സെന്റർ (MAC) കൂടുതൽ ശക്തമാക്കും. ഏതൊരു ഭീകരാക്രമണത്തിലും ആദ്യ പ്രതികരണം പ്രാദേശിക പോലീസിന്റേതാണെങ്കിലും, വലിയ ആക്രമണങ്ങൾ നേരിടാൻ നാഷണൽ സെക്യൂരിറ്റി ഗാർഡിനെ (NSG) നോഡൽ ഏജൻസിയായി നിശ്ചയിച്ചു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കായിരിക്കും (NIA) അന്വേഷണ ചുമതല.

സാമൂഹിക ഇടപെടലും നിയമപരിരക്ഷയും

കേവലം സൈനിക നടപടികളിൽ ഒതുങ്ങാതെ, ഭീകരവാദത്തിന്റെ വേരുകൾ സമൂഹത്തിൽ പടരുന്നത് തടയാനുള്ള പദ്ധതികളും പ്രഹാറിലുണ്ട്‌. യുവാക്കൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് തടയാൻ സമുദായ നേതാക്കളെയും എൻജിഒകളെയും ഉൾപ്പെടുത്തി ബോധവൽക്കരണം നടത്തും. ജയിലുകൾ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രബോധനങ്ങൾ തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.

യു.എ.പി.എ (UAPA) പോലുള്ള കർശന നിയമങ്ങൾക്കൊപ്പം പുതുതായി നടപ്പിലാക്കിയ ഭാരതീയ ന്യായ സംഹിതയുടെ കരുത്തും ഈ പോരാട്ടത്തിനുണ്ടാകും. മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും ഉറപ്പാക്കിക്കൊണ്ട് തന്നെ ഭീകരതയെ അടിച്ചമർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ സാഹചര്യങ്ങൾ ഭീകരവാദികൾ ചൂഷണം ചെയ്യുന്നത് തടയാൻ വികസന പദ്ധതികളെ ഭീകരവിരുദ്ധ നീക്കങ്ങളുടെ ഭാഗമായി നയം വിഭാവനം ചെയ്യുന്നു.

ഭീകരതയെ ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കാണാതെ, രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ദേശീയ സുരക്ഷാ വെല്ലുവിളിയായി കണ്ട് നേരിടാനുള്ള സുപ്രധാന ചുവടുവെപ്പാണ് ‘പ്രഹാർ’.

പുതിയ ഭീഷണികളെ നേരിടാൻ

പരമ്പരാഗത യുദ്ധമുറകളിൽ നിന്ന് മാറി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭീഷണികളെയാണ് നയം പ്രധാനമായും ലക്ഷ്യം വെക്കുന്നത്

  • ഡ്രോൺ പ്രതിരോധം അതിർത്തി കടന്നുള്ള ലഹരി-ആയുധ കടത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളെ തകർക്കാൻ പ്രത്യേക സംവിധാനം.
  • ഡിജിറ്റൽ സുരക്ഷ ഡാർക്ക് വെബ് (Dark Web), എൻക്രിപ്റ്റഡ് ആപ്പുകൾ, ക്രിപ്‌റ്റോ വാലറ്റുകൾ എന്നിവ വഴിയുള്ള ഭീകരപ്രവർത്തനം തടയുക.
  • സൈബർ ആക്രമണങ്ങൾ രാജ്യത്തെ ഊർജ്ജം, റെയിൽവേ, ആണവോർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുക.

‘ടീം ഇന്ത്യ’ സമീപനം

സംസ്ഥാന പോലീസ് സേനകൾക്കും ഭീകരവിരുദ്ധ സ്ക്വാഡുകൾക്കും (ATS) ഒരേ രീതിയിലുള്ള ഘടനയും പരിശീലനവും ഉറപ്പാക്കും. ഇതിനായി NATGRID, NIDAAN തുടങ്ങിയ ഡാറ്റാബേസുകൾ ഉപയോഗിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ നിയമവിദഗ്ധരുടെ സഹായം തേടുന്നത് വഴി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

Also read: