മിനിമം ബാലൻസിൽ പണം ഊറ്റി പൊതുമേഖലാ ബാങ്കുകൾ; മൂന്നു വർഷത്തിനിടെ വാരിയത് 8,000 കോടിയിലധികം
ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത് 8,000 കോടിയിലധികം രൂപ. പാർലമെന്റിൽ സമർപ്പിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
മിനിമം ബാലൻസ് ചാർജുകൾ വഴി ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് പഞ്ചാബ് നാഷണൽ ബാങ്കാണ്. 1,500 കോടിയിലധികം രൂപയാണ് ബാങ്ക് പിരിച്ചെടുത്തത്. ഇത് ആകെ തുകയുടെ 20 ശതമാനത്തോളം വരും. തൊട്ടുപിന്നാലെയുള്ള ബാങ്ക് ഓഫ് ബറോഡ 16 ശതമാനവും ഇന്ത്യൻ ബാങ്ക് 14 ശതമാനവും പിഴ ഇനത്തിൽ ഈടാക്കി. ബാങ്ക് ബോർഡുകൾ അംഗീകരിച്ച നയങ്ങൾക്കും വാണിജ്യ പരിഗണനകൾക്കും അനുസൃതമായാണ് തുക ഈടാക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
എസ്എംഎസ് സേവനങ്ങൾ നൽകുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ 3,388 കോടി രൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി. ഇതിൽ 35 ശതമാനവും (1,100 കോടി രൂപ) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയാണ് സമാഹരിച്ചത്. കാനറ ബാങ്ക് (15%), പഞ്ചാബ് നാഷണൽ ബാങ്ക് (10%) എന്നിവയാണ് പിന്നാലെയുള്ളത്. എന്നാൽ, 2020 മുതൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്എംഎസ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നിരക്കുകൾ നിശ്ചയിക്കുന്നതെന്ന് ബാങ്കുകൾ വ്യക്തമാക്കുന്നു. നിരക്കുകൾ ന്യായയുക്തവും സുതാര്യവുമാകണമെന്നും സേവനം നൽകുന്നതിനുള്ള ചെലവുമായി പൊരുത്തപ്പെടണമെന്നും ആർബിഐ നിർദ്ദേശമുണ്ട്. അതേസമയം, മിനിമം ബാലൻസ് ആവശ്യമില്ലാത്ത സീറോ ബാലൻസ് അക്കൗണ്ടുകൾ (BSBDA), പ്രധാൻ മന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകൾ എന്നിവ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.