02/04/2026
[fontresizer_tawhidurrahmandear_widget]

കുണിയ ഒരുങ്ങി; ചരിത്ര സംഗമത്തിന് ഇന്ന് കൊടിയുയരും

 കുണിയ ഒരുങ്ങി; ചരിത്ര സംഗമത്തിന് ഇന്ന് കൊടിയുയരും

വൈജ്ഞാനിക വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന സമസ്തയുടെ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കാസർകോട് ഒരുങ്ങി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചരിത്രപരമായ ശതാബ്ദി സമ്മേളനത്തിന് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ പൂർണസജ്ജമായി. ഇന്ന് വൈകുന്നേരം പതാക ഉയരുന്നതോടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മഹാസമ്മേളനത്തിന് തുടക്കമാകും.

​ഇന്ന് വൈകുന്നേരം 4.30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തുന്നതോടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. സമ്മേളന നഗരിയിൽ സജ്ജമാക്കിയ 100 തൂണുകളിൽ സമസ്ത മുശാവറ അംഗങ്ങളും സയ്യിദുമാരും പോഷക സംഘടനാ നേതാക്കളും ചേർന്ന് പതാകകൾ ഉയർത്തും. ഇതിന് മുന്നോടിയായി വൈകുന്നേരം 3.30ന് പെരിയടുക്കയിൽ നിന്ന് വളണ്ടിയർ റൂട്ട് മാർച്ച് ആരംഭിക്കും.

​രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. കെയ്‌റോ ഇസ്ലാമിക് റിസർച്ച് അസംബ്ലി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദു ദാഇം അൽ ജുൻദി മുഖ്യാതിഥിയാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

​വ്യാഴാഴ്ച 10,000 പ്രബോധകർ പങ്കെടുക്കുന്ന ദാഈ ക്യാമ്പും വെള്ളിയാഴ്ച 33,313 പേർ പങ്കെടുക്കുന്ന പഠന ക്യാമ്പും നടക്കും. ഞായറാഴ്ച നടക്കുന്ന സമാപന മഹാസമ്മേളനം ഈജിപ്ത് അൽ അസ്ഹർ യൂണിവേഴ്സിറ്റി റെക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും.

Also read: