02/03/2026
[fontresizer_tawhidurrahmandear_widget]

‘സ്പായിൽ 30,000 ചോദിച്ചെത്തി, പിന്നെ അരലക്ഷമായി, ഇല്ലെന്നു പറഞ്ഞപ്പോൾ ക്രൂരമായി പീഡിപ്പിച്ചു’-വെളിപ്പെടുത്തലുമായി അതിജീവിത

 ‘സ്പായിൽ 30,000 ചോദിച്ചെത്തി, പിന്നെ അരലക്ഷമായി, ഇല്ലെന്നു പറഞ്ഞപ്പോൾ ക്രൂരമായി പീഡിപ്പിച്ചു’-വെളിപ്പെടുത്തലുമായി അതിജീവിത

തിരുവല്ല: മഞ്ഞാടിയിലെ സ്പായിൽ ഗുണ്ടാസംഘം നടത്തിയ അതിക്രമത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഈ മാസം ഒന്നിന് നടന്ന സംഭവത്തിൽ കാപ്പ കേസ് പ്രതി ‘മരണം സുബിൻ’ എന്ന സുബിൻ അലക്‌സാണ്ടർ ചാക്കോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സ്പായിൽ അഴിഞ്ഞാടിയത്. 30,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘം പിന്നീട് അരലക്ഷം രൂപ വേണമെന്ന് വാശിപിടിക്കുകയും, പണമില്ലെന്ന് പറഞ്ഞതോടെ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

കത്തി തൊണ്ടയിൽ വെച്ച് ഭീഷണിപ്പെടുത്തിയാണ് സുബിൻ തന്നെ പീഡിപ്പിച്ചതെന്ന് അതിജീവിത വെളിപ്പെടുത്തി. തടയാൻ ശ്രമിച്ച സഹപ്രവർത്തകയെ മർദ്ദിച്ച സംഘം, അരമണിക്കൂറോളം തന്നെ മുറിക്കുള്ളിലിട്ട് ക്രൂരമായി ഉപദ്രവിച്ചു. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും അവിടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ വിവസ്ത്രനാക്കി തനിക്കൊപ്പം നിർത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പിന്നീട് സ്പാ ഉടമയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി നൽകണമെന്ന് സംഘം ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

പണം പിരിക്കാൻ തനിക്ക് ക്വട്ടേഷൻ ലഭിച്ചിട്ടുണ്ടെന്ന് സുബിൻ പറഞ്ഞതായും യുവതി വെളിപ്പെടുത്തി. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സുബിൻ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Also read: