ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്കോ? ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, സ്വാഭാവിക ജാമ്യം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പോറ്റി ‘സ്വാഭാവിക ജാമ്യം’ (Statutory Bail) തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ദ്വാരപാലക കേസിലും ഇദ്ദേഹത്തിന് സമാന രീതിയിൽ ജാമ്യം ലഭിച്ചിരുന്നു. കോടതി വിധി അനുകൂലമായാൽ പോറ്റിക്ക് ജയിൽ മോചിതനാകാൻ സാധിക്കും. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, സുധീഷ് കുമാർ, എസ്. ശ്രീകുമാർ എന്നിവർ നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
അതേസമയം, ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കേസിൽ കൂടുതൽ ഉദ്യോസ്ഥരെ ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ ഉൾപ്പെടെയുള്ളവർക്ക് ഹാജരാകാൻ നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസം മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് താൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അനധികൃതമായി പണം സമ്പാദിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബു മൊഴി നൽകിയത്. എന്നാൽ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത.