07/03/2026
[fontresizer_tawhidurrahmandear_widget]

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിൻ്റെ കൈക്കും കഴുത്തിനും പരിക്ക്; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

 കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിൻ്റെ കൈക്കും കഴുത്തിനും പരിക്ക്; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. ഉടൻ തന്നെ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്‌ വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി ടിക്കറ്റ് കൗണ്ടറിന് സമീപമെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഇതേത്തുടർന്ന് മന്ത്രി യാത്ര റദ്ദാക്കി.

പോലീസ് സുരക്ഷാവലയം ഭേദിച്ച് ഇരച്ചെത്തിയ പ്രതിഷേധക്കാർ മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവസമയത്ത് സ്പീക്കർ എ.എൻ ഷംസീറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയെ ആക്രമിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സ്പീക്കർ പ്രതികരിച്ചു. അക്രമാസക്തമായ സമരമുറകളെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടായിരുന്നു. സംഭവമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി. മന്ത്രിയെ ആക്രമിച്ച നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Also read: