02/03/2026
[fontresizer_tawhidurrahmandear_widget]

വയനാട് ടൗൺഷിപ്പ്: പണി തീരാതെ ഉദ്ഘാടനം നടത്തിയാൽ തിരിച്ചടിയാകും; വിമർശനം ഭയന്ന് സർക്കാർ തീയതി നീട്ടി

 വയനാട് ടൗൺഷിപ്പ്: പണി തീരാതെ ഉദ്ഘാടനം നടത്തിയാൽ തിരിച്ചടിയാകും; വിമർശനം ഭയന്ന് സർക്കാർ തീയതി നീട്ടി

കല്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടനം വീണ്ടും മാറ്റിവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാതെ വീടുകൾ കൈമാറുന്നത് വൻ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ തീരുമാനം. ഫെബ്രുവരി 25ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. പരിപാടിയുടെ തീയതി തീരുമാനിച്ച് നോട്ടീസ് അച്ചടിച്ച ശേഷമാണ് അവസാന നിമിഷം പിൻവാങ്ങിയത് എന്നത് ശ്രദ്ധേയമാണ്.

ആദ്യഘട്ടത്തിൽ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വീടുകളുടെ സ്ട്രക്ച്ചറൽ ജോലികൾ കഴിഞ്ഞതൊഴിച്ചാൽ അനുബന്ധ പ്രവൃത്തികൾ പലതും അപൂർണമാണ്. ചുറ്റുമതിൽ കെട്ടൽ, മേൽക്കൂരയിൽ ഓട് പാകൽ, മാലിന്യ സംസ്‌കരണത്തിനുള്ള പൈപ്പുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഇനിയും പൂർത്തിയാകാനുണ്ട്. പല വീടുകളിലും ടൈൽ പാകുന്ന ജോലികൾ ഇപ്പോഴും തുടരുകയാണ്.

ടൗൺഷിപ്പിന്റെ ഭാഗമായ 11.5 കിലോമീറ്റർ റോഡിന്റെ നിർമാണം പലയിടത്തും എങ്ങുമെത്തിയിട്ടില്ല. കുടിവെള്ള വിതരണത്തിനായി 11 ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ചെങ്കിലും ഓരോ വീട്ടിലേക്കും കണക്ഷൻ നൽകാൻ ഇനിയും സമയമെടുക്കും. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ ഉദ്ഘാടനം നടത്തിയാൽ അത് വലിയ ജനരോഷത്തിന് കാരണമാകുമെന്ന ഭയമാണ് തീയതി മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് പദ്ധതി സമർപ്പിക്കാനായി 2000ഓളം തൊഴിലാളികൾ മൂന്ന് ഷിഫ്റ്റുകളിലായി രാത്രിയും പകലും ജോലി ചെയ്യുന്നുണ്ട്. പണി വേഗത്തിലാക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് മേൽ സർക്കാർ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് നിർമാണ ഏജൻസി അറിയിച്ചു. വരും ദിവസങ്ങളിലെ പുരോഗതി അനുസരിച്ചായിരിക്കും മാർച്ച് ഒന്നിലെ ഉദ്ഘാടന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

Also read: