‘ഐ ലവ് യു അമ്മാ, അവനെ നന്നായി നോക്കണം’; വാട്സ്ആപ്പ് സന്ദേശമയച്ച് യൂട്യൂബർ ജീവനൊടുക്കി
ഹൈദരാബാദ്: പ്രണയ നൈരാശ്യത്തെത്തുടർന്ന് കുവൈറ്റിലുള്ള അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശമയച്ച് മുൻ യൂട്യൂബറായ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശിനിയും ബിഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ ബോണു കൊമാലി (20) ആണ് മണികൊണ്ടയിലെ വാടക ഫ്ലാറ്റിൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊമാലിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് തൊട്ടുമുമ്പ് പുലർച്ചെ 1:30-ഓടെ കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് കൊമാലി വൈകാരികമായ സന്ദേശം അയച്ചിരുന്നു. “അമ്മയെ ഒരുപാട് സ്നേഹിക്കുന്നു, അനിയനെ നന്നായി നോക്കണം” എന്നായിരുന്നു വാട്സ്ആപ്പ് സന്ദേശം. പരിഭ്രാന്തയായ അമ്മ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സുഹൃത്തുക്കളെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി പോലീസിന്റെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സോഫ്റ്റ്‌വെയർ ജീവനക്കാരനുമായുള്ള മൂന്ന് വർഷത്തെ പ്രണയബന്ധം തകർന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. യുവാവ് തന്നെ അവഗണിക്കുന്നതിലുള്ള വിഷമം കൊമാലി തന്റെ ഡയറിയിൽ കുറിച്ചിരുന്നു. ആറ് മാസം മുമ്പും പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. സംഭവത്തിൽ റായ്ദുർഗം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർ സഹായത്തിനായി ‘ദിശ’ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുക: 1056, 0471-2552056.