02/03/2026
[fontresizer_tawhidurrahmandear_widget]

പുലർച്ചെ ശുചീകരണ തൊഴിലാളികൾപ്പം അത്താഴം കഴിച്ച്, പ്രാർഥനയിൽ പങ്കുകൊണ്ട് മംദാനി; കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിൽ മേയറുടെ സർപ്രൈസ് | Zohran Mamdani Suhoor with sanitation workers

 പുലർച്ചെ ശുചീകരണ തൊഴിലാളികൾപ്പം അത്താഴം കഴിച്ച്, പ്രാർഥനയിൽ പങ്കുകൊണ്ട് മംദാനി; കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിൽ മേയറുടെ സർപ്രൈസ് | Zohran Mamdani Suhoor with sanitation workers

തൊളിലാളികള്‍ക്കൊപ്പം സൊഹ്റാന്‍ മംദാനി

ന്യൂയോർക്ക് സിറ്റി: ചരിത്രത്തിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിൽ തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി മേയർ സൊഹ്‌റാൻ മംദാനി. പ്രതികൂലാവസ്ഥയിലും പുലർച്ചെ ജോലിയിൽ മുഴുകുന്ന ന്യൂയോർക്ക് നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്കൊപ്പം ‘സുഹൂർ’ പങ്കിട്ടും പ്രാർഥനയിൽ ഒപ്പംചേർന്നുമാണ് മംദാനി അമ്പരപ്പിച്ചത്. റമദാൻ നോമ്പുകാലത്ത് പുലർച്ചെ കഴിക്കുന്ന ഭക്ഷണമാണ് സുഹൂർ. നഗരത്തെ ചലിപ്പിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മേയറുടെ നടപടി വലിയ പ്രശംസ നേടിയിട്ടുണ്ട്. (Zohran Mamdani Suhoor with sanitation workers)

മേയർ തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുനിസിപ്പൽ ബ്രേക്ക് റൂമിൽ യൂണിഫോമും വിന്റർ ജാക്കറ്റുകളും ധരിച്ച വിവിധ വംശജരായ തൊഴിലാളികൾക്കൊപ്പം മേയർ നിൽക്കുന്നത് കാണാം. ഫോയിൽ കണ്ടെയ്നറുകളിലും പ്ലാസ്റ്റിക് പ്ലേറ്റുകളിലും പായ്ക്ക് ചെയ്ത ലളിതമായ ഭക്ഷണമാണ് ഇവർക്കായി ഒരുക്കിയിരുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുൻപായി എല്ലാവരും കൈകളുയർത്തി ‘ദുആ'(പ്രാർത്ഥന) ചെയ്യുന്നതും ഭക്ഷണം പങ്കിട്ടുകഴിക്കുന്നതും കാണാം. തുടർന്ന് പരസ്പരം ഹസ്തദാനം നൽകി തൊഴിലാളികൾ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിലും ജോലിയിലേക്ക് ഇറങ്ങുകയായിരുന്നു.

ഔദ്യോഗിക അക്കൗണ്ടിലൂടെ മേയർ മംദാനിയും ഈ ചിത്രം പങ്കുവെച്ചു. ‘സൂര്യോദയത്തിന് മുൻപ് ഉണർന്ന് നമ്മുടെ നഗരത്തെ ചലിപ്പിക്കാൻ പ്രയത്‌നിക്കുന്നവരാണിവർ. അവരെ ‘ന്യൂയോർക്കിന്റെ കരുത്തർ’ എന്ന് വിളിക്കുന്നതിനു കൃത്യമായ കാരണമുണ്ട്,’ അദ്ദേഹം കുറിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗാരേജുകളും ഓപറേഷൻ സൈറ്റുകളും മംദാനി സന്ദർശിച്ചിരുന്നു.

2026 ജനുവരി ഒന്നിന് ന്യൂയോർക്കിന്റെ 112-ാമത് മേയറായി ചുമതലയേറ്റ മംദാനി, നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം, ദക്ഷിണേഷ്യൻ മേയറാണ്. മാത്രമല്ല, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് അദ്ദേഹം. തന്റെ ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പം നിലയുറപ്പിച്ചുകൊണ്ടുള്ള നയങ്ങളും പ്രവർത്തനങ്ങളുമാണ് മംദാനി കാഴ്ചവയ്ക്കുന്നത്.

റമദാൻ മാസത്തിൽ കഠിനമായ വ്രതമെടുക്കുമ്പോഴും നഗരത്തിന് കാവലായി നിൽക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് മംദാനിയുടെ ഇടപെടൽ ആശ്വാസമായി. സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ഇതിനു ലഭിച്ചത്. ഒരു വിഭാഗം ജനങ്ങൾ ഐക്യത്തിന്റെ പ്രതീകമായി ഇതിനെ കാണുമ്പോൾ, കേവലം രാഷ്ട്രീയ പ്രകടനം മാത്രമാണെന്നു പറഞ്ഞ് ആക്ഷേപിക്കുന്നവരുമുണ്ട്.

ന്യൂയോർക്ക് നഗരത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ മഞ്ഞുവീഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. സെൻട്രൽ പാർക്കിൽ മാത്രം ഏകദേശം 20 ഇഞ്ച് മഞ്ഞുവീഴ്ച രേഖപ്പെടുത്തി. 50 മൈലിലധികം വേഗതയുള്ള കാറ്റും ശക്തമായ മഞ്ഞും കാരണം വിമാന സർവീസുകൾ റദ്ദാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ വേതനം നൽകുമെന്നും ഭവനരഹിതരായവർക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കുമെന്നും മംദാനി ഭരണകൂടം അറിയിച്ചു.

മഞ്ഞുവീഴ്ചയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നഗരവാസികൾ റോഡിലിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു.

Also read: