ഭാര്യയെ കൊല്ലാൻ 40 ലക്ഷത്തിന്റെ ക്വട്ടേഷൻ; കെഎസ്ആർടിസി ബസിന്റെ ഡാഷ്‌കാമിൽ കുടുങ്ങിയ കൊലപാതക രഹസ്യം
ധർവാദ് – കർണാടകയിലെ ധർവാദ് ജില്ലയിൽ എസ്യുവി കാറിടിച്ച് 42 കാരി ലളിത ഹട്ടാർകി മരിച്ച സംഭവം അപകടമല്ലെന്ന് കണ്ടെത്തി പോലീസ്. ഫെബ്രുവരി 26നാണ് അമ്മിനഭവിക്ക് തൊട്ടടുത്തുവെച്ച് സദവത്തി റോഡിൽ വെച്ച് അപകടമുണ്ടായത്. കേസ് അന്യേഷണത്തിന്റെ തുടക്കത്തിൽ വാഹനമിടിച്ച് നിർത്താതെ പോയതായിട്ടാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും പിന്നീടാണ് യുവതിയുമായി അകന്നു കഴിയുന്ന ഭർത്താവ് ഉദയകുമാർ ഹട്ടാർകിയാണ് അപകടത്തിനു പിന്നിലെന്ന് കണ്ടെത്തിയത്
കെഎസ്ആർടിസി ബസിന്റെ ഡാഷ് ബോർഡ് കാമറ പരിശോധിച്ചപ്പോഴാണ് ഇത് അപകടമ മരണല്ല ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായതെന്ന് ധർവാദ് എസ്പി ഗഞ്ചൻ ആര്യ പറഞ്ഞു. പ്രതിയായ ഭർത്താവിനെയും കൂട്ടാളികളായ നാഗപ്പ മഡിവാളപ്പ പദേകർ, അഭിഷേക്, നാഗരാജ് മഡിവാളപ്പ ഉപ്പിൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
2000ത്തിലാണ് ഉദയും ലളിതയും വിവാഹിതരായത്. കാലക്രമേണ ഇവർക്കിടയിലെ അഭിപ്രായ ഭിന്നത രൂക്ഷമാവുകയും ലളിത സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. അടുത്തിടെ ലോക് അദാലത്ത് ലളിതയുടെ ചിലവിനായി 1.5 ഏക്കർ ഭൂമി വിട്ടു നൽകാൻ ഉത്തരവിട്ടിരുന്നു. ഈ വിധി അംഗീകരിക്കാൻ തയാറാകാതിരുന്ന ഉദയ് കൊലപാതകം നടത്താൻ 40 ലക്ഷത്തിന്റെ ക്വട്ടേഷൻ ആസൂത്രണം ചെയ്യുകയായിരുന്നു.
ഭൂമിയുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കെന്ന് പറഞ്ഞ് ലളിതയെ വിളിച്ചുവരുത്തിയതാണ് പ്രതികൾ കൃത്യം നടത്തിയത്. നമ്പർ പ്ലേറ്റില്ലാത്ത വാഹനമാണ് കൃത്യ നിർവഹണത്തിനായി ഉപയോഗിച്ചിരുന്നതെങ്കിലും സിസിടിവി ദൃശ്യങ്ങളും ഉദയ്കുമാറിന്റെ ഫോൺ കോൾ വിവരങ്ങളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്യേഷണമാണ് കേസിനെ ശരിയായ ദിശയിലേക്ക് നയിച്ചത്.